മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിൽ മലപ്പുറം ഫുട്ബോൾ ക്ലബിനായി പന്ത് തട്ടാൻ അർജന്റീന വംശജനായ ഫാകുണ്ടോ ബല്ലാർഡോയും.മധ്യനിര കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് അർജന്റീനിയൻ അറ്റാക്കിംഗ് മിഡ്ഫീൽഡറെ ടീമിലെത്തിച്ചിരിക്കുന്നത്. സെൻട്രൽ മിഡ്ഫീൽഡിലും അറ്റാക്കിംഗിലും ഒരുപോലെ കളിക്കാൻ കഴിയുന്ന താരമാണ് ഫാകുണ്ടോ. വെറും 29 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം.
അർജന്റീനിയൻ ആണെങ്കിലും താരം പ്രൊഫഷണൽ ഫുട്ബോളിൽ ഇതുവരെ കളിച്ചത് സ്പാനിഷ് ടീമുകൾക്കു വേണ്ടി മാത്രമാണ്. ഫാകുണ്ടോ സ്പാനിഷ് പൗരത്വവും നേടിയിട്ടുണ്ട്. സ്പെയിനു പുറത്ത് ഇതാദ്യമായാണ് താരം കളിക്കാനെത്തുന്നത്. മികച്ച അനുഭവ സമ്പത്തും നല്ല ഉയരവും ഉള്ളത് കൊണ്ട് തന്നെ എംഎഫ്സി ടീമിന് ഈ സൈനിംഗ് ഒരുപാട് ഗുണം ചെയ്യും.
സ്പെയിനിലെ മൂന്നാം ഡിവിഷൻ ക്ലബായ സിഡി കലഹോറയിൽ നിന്നാണ് ഫാകുണ്ടോ മലപ്പുറം എഫ്.സിയിലേക്കെത്തുന്നത്. കലഹോറയ്ക്ക് വേണ്ടി കഴിഞ്ഞ സീസണിൽ 31 മത്സരങ്ങളിൽ നിന്നും 4 ഗോളും 2 അസിസ്റ്റും നേടിയിട്ടുണ്ട്. എസ്ഡി ഫോർമെന്റെറ, അത്ലറ്റിക്കോ സാൻലുക്വിനോ സിഎഫ്, ഹാരോ ഡിപോർട്ടീവോ,ഔറൻസ് സിഎഫ്, എസ്ഡി ടാറാസോന, ഡിപോർട്ടീവോ അലാവസ് ബി തുടങ്ങിയ സ്പാനിഷ് ക്ലബുകൾക്കായി 134 -ഓളം മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ സെമി കാണാതെ പോയ മലപ്പുറം ഇത്തവണ കിരീടം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്.