ഇസ്ലാമബാദ്: പാകിസ്ഥാന്റെ വെടിക്കെട്ട് മധ്യനിര ബാറ്ററായ ആസിഫ് അലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 33-ാം വയസ്സിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. പാകിസ്ഥാനായി 21 ഏകദിനങ്ങളും 58 ടി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

2021-ലെ ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഏഴ് പന്തിൽ നിന്ന് 25 റൺസ് നേടിയതാണ് ആസിഫിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ഈ നിർണായക ഇന്നിംഗ്‌സ് പാകിസ്ഥാന് അവിസ്മരണീയമായ വിജയം നേടിക്കൊടുത്തു.
ഫോം ഔട്ടായെങ്കിലും പാകിസ്ഥാൻ ടീമിന് എന്നും മുതൽക്കൂട്ടായിരുന്നു ആസിഫ്. രണ്ട് ടി20 ലോകകപ്പുകളിലും ടീമിന്റെ നോക്കൗട്ട് ഘട്ടത്തിൽ അദ്ദേഹമുണ്ടായിരുന്നു. 2018-ൽ ഇസ്ലാമബാദ് യുണൈറ്റഡിന് പാകിസ്ഥാൻ സൂപ്പർ ലീഗ് കിരീടം നേടിക്കൊടുക്കുന്നതിലും ആസിഫ് പ്രധാന പങ്ക് വഹിച്ചു. ഏകദിനത്തിൽ 25.46 ശരാശരിയിൽ 382 റൺസും (മൂന്ന് അർദ്ധ സെഞ്ച്വറികൾ), ടി20യിൽ 133.87 സ്ട്രൈക്ക് റേറ്റിൽ 577 റൺസും നേടിയിട്ടുണ്ട്.
രാജ്യത്തിന് വേണ്ടി കളിക്കാൻ കഴിഞ്ഞതിൽ അഭിമാനവും നന്ദിയുമുണ്ടെന്ന് വികാരനിർഭരമായ വിടവാങ്ങൽ സന്ദേശത്തിൽ ആസിഫ് പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര, ഫ്രാഞ്ചൈസി ലീഗുകളിൽ ആസിഫ് കളിക്കുന്നത് തുടരും.