വെല്ലിംഗ്ടൺ: ന്യൂസിലാൻഡ് വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘത്തെ ശക്തിപ്പെടുത്തി മുൻ കിവീസ് ഓൾറൗണ്ടർ ക്രെയ്ഗ് മക്മില്ലൻ ടീമിന്റെ ഫുൾ-ടൈം അസിസ്റ്റന്റ് കോച്ചായി ചുമതലയേറ്റു. 2025-ൽ നടക്കാനിരിക്കുന്ന ഐസിസി വനിതാ ഏകദിന ലോകകപ്പിന് മുന്നോടിയായാണ് ഈ നിയമനം.
കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ടി20 ലോകകപ്പ് വിജയത്തിൽ മക്മില്ലൻ ടീമിന്റെ ഭാഗമായിരുന്നു. പുതിയ റോളിൽ, ബാറ്റിംഗിലും ഫീൽഡിംഗിലുമായിരിക്കും മക്മില്ലൻ ശ്രദ്ധ കേന്ദ്രീകരിക്കുക. ഹെഡ് കോച്ച് ബെൻ സോയറുമായി ചേർന്ന് 2000-ത്തിന് ശേഷം ആദ്യ ഏകദിന ലോകകപ്പ് കിരീടം നേടാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ടീമിന്റെ ലക്ഷ്യം.
ലോകകപ്പിനായി ഇന്ത്യൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ചെന്നൈ സൂപ്പർ കിംഗ്സ് അക്കാദമിയിൽ ടീം തീവ്ര പരിശീലനത്തിലാണ്.
ഒക്ടോബർ ഒന്നിന് ഇൻഡോറിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരെയാണ് ന്യൂസിലൻഡിന്റെ ആദ്യ മത്സരം.