ഷാർജ: അഫ്ഗാനിസ്ഥാൻ സ്പിൻ ഇതിഹാസം റാഷിദ് ഖാൻ ടി20 ക്രിക്കറ്റിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി. ന്യൂസിലൻഡിന്റെ ടിം സൗത്തിയെ മറികടന്ന് 165 വിക്കറ്റുകളോടെ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറെന്ന റെക്കോർഡാണ് റാഷിദ് സ്വന്തമാക്കിയത്.

ഷാർജയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ യുഎഇയെ 38 റൺസിന് തകർത്താണ് റാഷിദ് തന്റെ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. പാകിസ്ഥാനോടുള്ള ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷമുള്ള അഫ്ഗാനിസ്ഥാന്റെ ആദ്യ വിജയമാണിത്. ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്ഥാൻ 188/4 എന്ന മികച്ച സ്കോർ നേടി. സെദിഖുള്ള അറ്റൽ (54), ഇബ്രാഹിം സദ്രാൻ (63) എന്നിവരുടെ അർദ്ധ സെഞ്ച്വറികളും അസ്മത്തുള്ള ഒമർസായിയുടെയും കരീം ജനത്തിന്റെയും വെടിക്കെട്ട് ബാറ്റിംഗും അഫ്ഗാനിസ്ഥാനെ 180 കടത്തി.
മറുപടി ബാറ്റിംഗിൽ യുഎഇ ക്യാപ്റ്റൻ മുഹമ്മദ് വസീം (67), രാഹുൽ ചോപ്ര (52*) എന്നിവർ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. എന്നാൽ, റാഷിദ് ഖാന്റെ (3/21) മികച്ച പ്രകടനവും ഷറഫുദ്ദീൻ അഷറഫിന്റെ (3/24) പിന്തുണയും യുഎഇയെ 150/8 എന്ന സ്കോറിൽ ഒതുക്കി.
					













