പാരീസ് സെന്റ് ജെർമെയ്ന്റെ (പിഎസ്ജി) ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ഡൊണാറുമ്മ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്. ഇന്ന് ഉച്ചയ്ക്ക് താരത്തിന്റെ മെഡിക്കൽ പരിശോധനകൾ നടക്കും. ഇരു ക്ലബ്ബുകളും തമ്മിലുള്ള ദീർഘകാല കരാറിന് ആഴ്ചകൾക്ക് മുൻപ് തന്നെ ധാരണയായിരുന്നു. എഡേഴ്സൺ ഫെനർബാഷെയിലേക്ക് പോകുന്നതിന് വാക്കാൽ ധാരണയായതിന് പിന്നാലെയാണ് ഈ കൈമാറ്റം സ്ഥിരീകരിച്ചത്.
റിപ്പോർട്ടുകൾ അനുസരിച്ച് 35 മില്യൺ യൂറോയും അധികമായി 4 മില്യൺ യൂറോയും ഉൾപ്പെടെ 39 മില്യൺ യൂറോയോളമാണ് ഡൊണാറുമ്മയുടെ ട്രാൻസ്ഫർ തുക.
കഴിഞ്ഞ സീസണിൽ പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ് ഡൊണാറുമ്മ. എട്ട് വർഷത്തെ വിജയകരമായ കരിയറിന് ശേഷം എഡേഴ്സൺ മാഞ്ചസ്റ്റർ സിറ്റി വിട്ടതോടെ, ഡൊണാറുമ്മ പെപ് ഗ്വാർഡിയോളയുടെ ടീമിലെ പ്രധാന താരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രാൻസ്ഫർ ഡെഡ്ലൈൻ ദിനത്തിലെ പ്രധാന കൈമാറ്റങ്ങളിൽ ഒന്നായിരിക്കും ഇത്.