കട്ടക്കലിപ്പിൽ സൽമാൻ!! അവസാന 12 പന്തിൽ പിറന്നത് 11 സിക്സറുകൾ

Newsroom

Img 20250830 Wa0059
Download the Fanport app now!
Appstore Badge
Google Play Badge 1

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ.) ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തി കാലിക്കറ്റ് താരം സൽമാൻ നിസാറിൻ്റെ വെടിക്കെട്ട് പ്രകടനം. ട്രിവാൻഡ്രം റോയൽസിനെതിരെയുള്ള നിർണായക മത്സരത്തിൽ അവസാന രണ്ട് ഓവറുകളിൽ സൽമാൻ അടിച്ചുകൂട്ടിയത് 69 റൺസാണ്. ടീം 13.1 ഓവറിൽ 76 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ പരുങ്ങലിലായിരുന്നപ്പോഴാണ് സൽമാൻ ക്രീസിലെത്തിയത്. പതിയെ മുന്നേറി 18-ാം ഓവറിൽ 115 റൺസിലെത്തി നിൽക്കുകയായിരുന്ന കാലിക്കറ്റിൻ്റെ സ്കോർ ബോർഡിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയത് സൽമാൻ്റെ ബാറ്റിങ് വെടിക്കെട്ടാണ്.

1000254224

ബേസിൽ തമ്പി എറിഞ്ഞ 18-ാം ഓവറിലെ ആദ്യ പന്തിൽ ഡീപ്പ് ബാക്ക്‌വേർഡ് പോയിന്റിലൂടെ സിക്സടിച്ച് തുടങ്ങിയ സൽമാൻ, പിന്നീട് പന്ത് നിലം തൊടീച്ചില്ല. ആ ഓവറിൽ 5 പന്തുകളും സിക്സറുകളാക്കി മാറ്റി 30 റൺസ് നേടി. അവസാന പന്തിൽ ഒരു റൺസ് എടുത്ത് സ്ട്രൈക്ക് നിലനിർത്തി.
അഭിജിത്ത് പ്രവീൺ എറിഞ്ഞ 19-ാം ഓവറിലെ ആദ്യ പന്തിൽ ലോങ് ഓഫിലൂടെ വീണ്ടും സിക്സർ നേടി. രണ്ടാം പന്ത് വൈഡും, മൂന്നാം പന്ത് നോബോളും ആയി. നോബോളിൽ രണ്ട് റൺസ് കൂടി നേടിയ സൽമാൻ, പിന്നീടുള്ള 5 പന്തുകളും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പുറത്തേക്ക് പറത്തി. അവസാന ഓവറിൽ കാലിക്കറ്റ് ​ഗ്ലോബ് സ്റ്റാർസ് ആകെ നേടിയത് 40 റൺസാണ്.ഇതോടെ ടീം സ്കോർ 186 റൺസിലെത്തുകയായിരുന്നു.സൽമാൻ പുറത്താകാതെ 26 പന്തിൽ 12 സക്സറിന്റെ അകമ്പടിയോടെ 86 റൺസാണ് അടിച്ച് കൂട്ടിയത്. സൽമാൻ്റെ ബാറ്റിംഗ് മികവ് കെ.സി.എൽ. ചരിത്രത്തിലെ അവിസ്മരണീയമായ പ്രകടനമായി അടയാളപ്പെടുത്തും.