തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) ആലപ്പി റിപ്പിൾസ് താരം അഭിഷേക് നായർ തകർപ്പൻ പ്രകടനത്തിലൂടെ ശ്രദ്ധേയനായി. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസുമായുള്ള നിർണ്ണായക മത്സരത്തിൽ അഭിഷേക്, ടീമിന്റെ വിജയത്തിന് നിർണ്ണായക പങ്ക് വഹിച്ചു.27 പന്തിൽ നിന്ന് 3 ബൗണ്ടറിയുടെയും 5 സിക്സറുകളുടെയും അകമ്പടിയോടെ 54 റൺസാണ് അടിച്ചുകൂട്ടിയത്. ടൂർണമെന്റിലെ മികച്ച ബൗളറായ അഖിൽ സ്കറിയയെ 9-ാം ഓവറിൽ 3 സിക്സറടക്കം 20 റൺസ് അടിച്ചുകൂട്ടി താരം ഞെട്ടിച്ചു. ഒരു വശത്ത് ആലപ്പി റിപ്പിൾസിന്റെ വിക്കറ്റുകൾ നഷ്ടപ്പെട്ടു കൊണ്ടിരുന്നപ്പോഴും, പതറാതെ നിലയുറപ്പിച്ച് മികച്ച പ്രകടനമാണ് അഭിഷേക് നായർ പുറത്തെടുത്തത്. ടീമിന്റെ റൺറേറ്റ് ഉയർത്തി മത്സരത്തിൽ ആധിപത്യം സ്ഥാപിച്ച താരം, സ്കോർ 134 റൺസിലെത്തിയപ്പോഴാണ് പുറത്തായത്.
പ്രമുഖ പരിശീലകൻ ബിജു ജോർജിന്റെ ശിക്ഷണമാണ് അഭിഷേകിന്റെ കരിയറിൽ നിർണ്ണായകമായത്. പ്രസിഡൻഷ്യൽ കപ്പിലെ സെഞ്ച്വറി നേട്ടത്തിനുശേഷം കേരള സീനിയർ ക്യാമ്പിലേക്കുള്ള ക്ഷണവും ലഭിച്ചിരുന്നു. തിരുവനന്തപുരം കുമാരപുരം സ്വദേശികളായ പ്രതാപ് എം. നായരുടെയും രേഖ എം. നായരുടെയും മകനാണ് അഭിഷേക്.