ലണ്ടൻ: ബ്രസീലിയൻ വിങ്ങർ ആന്റണിയെ സ്ഥിരമായി കൈമാറാനുള്ള റയൽ ബെറ്റിസിന്റെ ഓഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് അംഗീകരിച്ചു. കഴിഞ്ഞ സീസണിൽ ബെറ്റിസിൽ ലോണടിസ്ഥാനത്തിൽ കളിച്ച ആന്റണിക്ക് ഇപ്പോൾ സെവില്ലെയിലേക്ക് പോകാനുള്ള അനുമതി ലഭിച്ചു. ഏകദേശം 22 മില്യൺ പൗണ്ടിന് ആന്റണിയെ സ്വന്തമാക്കാനാണ് ബെറ്റിസ് ലക്ഷ്യമിടുന്നത്. താരത്തിന്റെ ഭാവി കൈമാറ്റങ്ങളിൽ നിന്ന് വരുമാനം നേടാൻ ആകും 50% സെൽ ക്ലോസും മാഞ്ചസ്റ്റർ യുണൈറ്റഡ് കരാറിൽ ഉൾപ്പെടുത്തും.
സ്പെയിനിലേക്ക് മടങ്ങാനുള്ള താരത്തിന്റെ ആഗ്രഹവും ബെറ്റിസിന്റെ സാമ്പത്തിക പരിമിതികളുമാണ് ഈ കരാറിന് പിന്നിൽ.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൂബൻ അമോറിം പരിശീലകനായി വന്നതിന് ശേഷം ആന്റണി ടീമിൽ നിന്ന് തഴയപ്പെട്ടിരുന്നു. അതിനാൽ ടീമിൽ തുടരാൻ താരം ആഗ്രഹിച്ചിരുന്നില്ല. ബെറ്റിസിന്റെ സാമ്പത്തിക സ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ താരത്തെ വിട്ടുകൊടുക്കാൻ യുണൈറ്റഡും തയ്യാറായതോടെയാണ് ഈ കൈമാറ്റം യാഥാർത്ഥ്യമായത്.