സിഎഎഫ്എ നേഷൻസ് കപ്പ് 2025-ൽ താജിക്കിസ്ഥാനെ 2-1ന് തോൽപ്പിച്ച് ഇന്ത്യ ഖാലിദ് ജമീൽ യുഗത്തിന് മികച്ച തുടക്കം നൽകി. 13 വർഷത്തിനു ശേഷം ഇന്ത്യയുടെ ആദ്യ ഇന്ത്യൻ പരിശീലകനായെത്തിയ ഖാലിദ് ജമീലിന്റെ കീഴിൽ ദേശീയ ടീം കൂടുതൽ ഉണർവോടെയാണ് ഇന്ന് കളിച്ചത്. ഹിസോർ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൻവർ അലി, സന്ദേശ് ജിംഗാൻ എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകൾ നേടിയത്.

ഉവൈസിന്റെ ലോങ് ത്രോയിൽ നിന്നുള്ള അവസരം മുതലെടുത്ത് അൻവർ അലിയുടെ ഹെഡ്ഡറിലൂടെ ഇന്ത്യ നാലാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ നേടി. തൊട്ടുപിന്നാലെ ലഭിച്ച അവസരം മുതലെടുത്ത് ജിംഗാനും ഗോൾ നേടിയതോടെ ഇന്ത്യ 2-0ന് മുന്നിലെത്തി. 23-ാം മിനിറ്റിൽ ഷാഹ്റോം സാമിയേവിലൂടെ താജിക്കിസ്ഥാൻ ഒരു ഗോൾ മടക്കിയെങ്കിലും, നിർണായക സേവുകളുമായി ഗുർപ്രീത് സിംഗ് സന്ധു കളം നിറഞ്ഞതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു.
ജംഷഡ്പൂർ എഫ്‌സി വിട്ട് ഇന്ത്യൻ പരിശീലകനായി രണ്ട് വർഷത്തെ കരാർ ഒപ്പിട്ട ജമീലിന്റെ ആദ്യ പരീക്ഷണമായിരുന്നു ഈ മത്സരം. അവസാന കുറേ കാലമായി പതറുകയായിരുന്ന ഇന്ത്യൻ ടീമിന് ആത്മവിശ്വാസം നൽകുന്ന ഫലമാകും ഇത്.