ഡയമണ്ട് ഹാർബർ എഫ്‌സിയെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തകർത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്ക് അവരുടെ ചരിത്രത്തിലെ രണ്ടാം ഡ്യൂറന്റ് കപ്പ് കിരീടം. ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റിന്റെ 134-ാം പതിപ്പിലാണ് നോർത്ത് ഈസ്റ്റ് ഈ സ്വപ്ന നേട്ടം കൈവരിച്ചത്. കഴിഞ്ഞ സീസണിലും നോർത്ത് ഈസ്റ്റ് ആയിരുന്നു ഡ്യൂറണ്ട് കപ്പ് നേടിയത്.

മത്സരത്തിന്റെ 30-ാം മിനിറ്റിൽ അഷീർ അക്തർ നേടിയ ഗോളിലൂടെ നോർത്ത് ഈസ്റ്റ് ലീഡ് നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പ്രതിഭ ഗോപിയിലൂടെ നോർത്ത് ഈസ്റ്റ് രണ്ടാം ഗോളും നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ തോയ് സിംഗ് മൂന്നാമത്തെ ഗോൾ നേടിയതോടെ നോർത്ത് ഈസ്റ്റ് കളി വരുതിയിലാക്കി. 68-ാം മിനിറ്റിൽ ഒരു ഗോൾ തിരിച്ചടിച്ച് ഡയമണ്ട് ഹാർബർ പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് നോർത്ത് ഈസ്റ്റ് കൂടുതൽ ശക്തമായി തിരിച്ചടിച്ചു. ജയ്റോ, ആൻഡി റോഡ്രിഗസ്, അലാദൈൻ അജറൈ എന്നിവരുടെ ഗോളുകളോടെ നോർത്ത് ഈസ്റ്റ് തകർപ്പൻ വിജയം നേടി.
ഡയമണ്ട് ഹാർബർ എഫ്‌സിക്ക് ഫൈനലിൽ എത്തിയത് ഒരു സ്വപ്ന നേട്ടമായിരുന്നെങ്കിലും, കിരീടപ്പോരാട്ടത്തിൽ ഇരുടീമുകളും തമ്മിലുള്ള നിലവാരവ്യത്യാസം പ്രകടമായിരുന്നു.