ആഴ്സണൽ തങ്ങളുടെ ബെൽജിയം താരമായ ലിയാൻഡ്രോ ട്രോസാർഡുമായി പുതിയ കരാറിൽ ധാരണയിലെത്തി. 2027 വരെ ക്ലബ്ബിൽ തുടരുന്നതിനുള്ള കരാറിലാണ് 30-കാരനായ താരം ഒപ്പുവെച്ചത്. എന്നാൽ, കരാറിന്റെ കാലാവധി നീട്ടിയിട്ടില്ല. പകരം, അദ്ദേഹത്തിന്റെ പ്രകടനങ്ങളെ മാനിച്ചുകൊണ്ട് നിലവിലെ ശമ്പളത്തിൽ ഗണ്യമായ വർദ്ധനവ് വരുത്താനാണ് ക്ലബ് തീരുമാനിച്ചത്. ഇതോടെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ട്രോസാർഡ് ക്ലബ്ബ് വിടുമെന്ന അഭ്യൂഹങ്ങൾ അവസാനിച്ചു.

2023 ജനുവരിയിൽ 27 മില്യൺ പൗണ്ടിന് ബ്രൈറ്റണിൽ നിന്ന് ആഴ്സണലിൽ എത്തിയതിന് ശേഷം, ട്രോസാർഡ് ടീമിന് ഒരു മുതൽക്കൂട്ടാണ്. 124 മത്സരങ്ങളിൽ നിന്ന് 28 ഗോളുകളും 23 അസിസ്റ്റുകളും നേടി താരം തന്റെ കഴിവ് തെളിയിച്ചു. നിലവിൽ പ്രീ-സീസൺ മത്സരത്തിനിടെ പരിക്കേറ്റ് ഫിറ്റ്നസ് വീണ്ടെടുക്കുകയാണ്.