കറാച്ചി: കഴിഞ്ഞ 21 വർഷത്തിനിടെ ആദ്യമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) സെൻട്രൽ കോൺട്രാക്ടിലെ ടോപ് കാറ്റഗറിയായ “കാറ്റഗറി എ” ഒഴിവാക്കി. മുൻ നായകന്മാരും പ്രമുഖ താരങ്ങളുമായ ബാബർ അസം, മുഹമ്മദ് റിസ്വാൻ എന്നിവരെ കാറ്റഗറി ബിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും മോശം ഫോമിലാണ്. വരാനിരിക്കുന്ന ട്രൈ-സീരീസിനും ഏഷ്യാ കപ്പിനുമുള്ള പാകിസ്ഥാൻ ട്വന്റി-20 ടീമിൽ നിന്നും ഇവർക്ക് സ്ഥാനം നഷ്ടമായിരുന്നു.

പുതിയ കരാർ പട്ടികയിൽ 30 കളിക്കാരാണുള്ളത്. കാറ്റഗറി ബി, സി, ഡി എന്നിങ്ങനെയാണ് കളിക്കാരെ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ കാറ്റഗറി എയിൽ ആരെയും ഉൾപ്പെടുത്തിയിട്ടില്ല. പാകിസ്ഥാൻ ടീമിന്റെ സ്ഥിരതയില്ലാത്ത പ്രകടനങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. ട്വന്റി-20 ടീം നായകൻ സൽമാൻ ആഘ, ഷഹീൻ അഫ്രീദി, ഷദാബ് ഖാൻ, ഫഖർ സമാൻ, ഹാരിസ് റൗഫ്, ഹസൻ അലി എന്നിവർക്ക് കാറ്റഗറി ബിയിലാണ് സ്ഥാനം. അതേസമയം, ടെസ്റ്റ് ടീം ക്യാപ്റ്റൻ ഷാൻ മസൂദിനെ മോശം പ്രകടനം കാരണം കാറ്റഗറി ഡിയിലേക്ക് തരംതാഴ്ത്തി.
ദേശീയ ടീമിന്റെ സമീപകാല പ്രകടനങ്ങളിലുള്ള പിസിബിയുടെ അതൃപ്തിയാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നത്.