ബാഴ്സലോണ: 2025-26 സീസണിലേക്കുള്ള തങ്ങളുടെ മൂന്നാമത്തെ ജേഴ്സി പുറത്തിറക്കി ബാഴ്സലോണ. ‘ബ്രൈറ്റ് മാംഗോ’ എന്ന് പേരിട്ടിരിക്കുന്ന നിയോൺ ഓറഞ്ച് നിറത്തിലുള്ള ജേഴ്സിക്ക് ‘മിഡ്‌നൈറ്റ് നേവി’ ബ്ലൂ നിറത്തിലുള്ള ലൈനുകളാണുള്ളത്.
ലാ ലിഗയിൽ മയ്യോർക്കയ്ക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ ബാഴ്‌സലോണയുടെ ഹോം കിറ്റും എവേ കിറ്റും മയ്യോർക്കയുടെ ചുവപ്പും കറുപ്പും നിറത്തിലുള്ള കിറ്റുമായി ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഈ ആശയക്കുഴപ്പം കാരണം അടുത്ത മത്സരങ്ങളിൽ വ്യക്തത ഉറപ്പാക്കാൻ പുതിയ മൂന്നാം കിറ്റ് വേഗത്തിൽ അവതരിപ്പിക്കാൻ ടീം തീരുമാനിക്കുകയായിരുന്നു.
നൈക്കിന്റെ പ്രശസ്തമായ ‘ടോട്ടൽ 90’ കാലഘട്ടത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ കിറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2009-11 കാലഘട്ടത്തിലെ ബാഴ്‌സലോണയുടെ എവേ, തേർഡ് കിറ്റുകളുടെ ഓർമ്മകൾ ഇത് ആരാധകരിൽ ഉണർത്തും. അടുത്ത മത്സരത്തിൽ ലെവന്റെക്കെതിരെ ഈ പുതിയ കിറ്റ് ധരിച്ചായിരിക്കും ബാഴ്സലോണ കളത്തിലിറങ്ങുക.



