ദുലീപ് ട്രോഫി 2025-നുള്ള ഈസ്റ്റ് സോണിൻ്റെ പ്രതീക്ഷകൾക്ക് തിരിച്ചടി. സ്റ്റാർ വിക്കറ്റ് കീപ്പർ-ബാറ്ററായ ഇഷാൻ കിഷൻ പരിക്ക് കാരണം ടൂർണമെന്റിൽ നിന്ന് പുറത്തായി. പകരം ഒഡീഷയുടെ യുവ വിക്കറ്റ് കീപ്പർ-ബാറ്ററായ 20-കാരൻ ആശിർവാദ് സ്വായിനെ ടീമിൽ ഉൾപ്പെടുത്തി.
ഈസ്റ്റ് സോണിനെ ഇനി ബംഗാളിന്റെ പരിചയസമ്പന്നനായ ബാറ്റർ അഭിമന്യു ഈശ്വരൻ നയിക്കും. ബെംഗളൂരുവിൽ ഓഗസ്റ്റ് 28-നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. കഴിഞ്ഞ മാസം കിഷന് കാലിന് പരിക്കേറ്റതായാണ് റിപ്പോർട്ട്. കിഷൻ നിലവിൽ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ചികിത്സയിലാണ്.
ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ നോട്ടിംഗ്ഹാംഷെയറിനായി രണ്ട് അർദ്ധസെഞ്ചുറികൾ നേടി മികച്ച ഫോമിലായിരുന്നപ്പോഴാണ് കിഷന് ഈ പരിക്ക് സംഭവിച്ചത്. പേസർ ആകാശ് ദീപിന്റെ അഭാവവും ഈസ്റ്റ് സോണിന് തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ നോർത്ത് സോണിനെതിരായ ആദ്യ മത്സരം അവർക്ക് വലിയ വെല്ലുവിളിയാകും.