റാസ്മസ് ഹോയ്ലൻഡിന്റെ ഭാവി മാഞ്ചസ്റ്റർ യുണൈറ്റഡിന് പുറത്താണെന്ന് ഉറപ്പാകുന്നു. ഇന്ന് ലീഗിൽ ആഴ്സണലിനെതിരായ ആദ്യ മത്സരത്തിനുള്ള ടീമിൽ നിന്ന് 22-കാരനായ ഈ യുവ സ്ട്രൈക്കറെ സ്ക്വാഡിൽ പോലും ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.

ആർബി ലീപ്‌സിഗിൽ നിന്ന് 73.7 മില്യൺ പൗണ്ടിന് ബെഞ്ചമിൻ ഷെസ്കോയെ യുണൈറ്റഡ് ടീമിലെത്തിച്ചിരുന്നു. ഇതാണ് ഹോയ്ലൻഡിനെ വിൽക്കാൻ യുണൈറ്റഡ് ശ്രമിക്കുന്നതിന് കാരണം. എസി മിലാൻ, ലീപ്‌സിഗ് തുടങ്ങിയ ക്ലബുകൾ ഹോയ്ലൻഡിനായി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ടീമിൽ തുടരാനും തന്റെ സ്ഥാനം നിലനിർത്താനും താൻ തയ്യാറാണെന്ന് ഹോയ്ലൻഡ് വ്യക്തമാക്കിയിരുന്നു.
പ്രീ-സീസൺ മത്സരങ്ങളിൽ പ്രൊഫഷണലിസവും പ്രതിബദ്ധതയും താരം കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ യൂറോപ്യൻ ഫുട്ബോൾ ഇല്ലാത്തതിനാൽ വലിയ സ്ക്വാഡ് വേണ്ട എന്നാണ് അമോറിമിന്റെ നിലപാട്.
ഫിയോറന്റീനയ്‌ക്കെതിരായ യുണൈറ്റഡിന്റെ അവസാന സൗഹൃദ മത്സരത്തിലും ഹോയ്ലൻഡ് കളിച്ചിരുന്നില്ല.