പുതിയ സീരി എ സീസണിന് മുന്നോടിയായി ടീമിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡച്ച് ലെഫ്റ്റ് ബാക്ക് ടൈറല്‍ മലാഷ്യയെ സ്വന്തമാക്കാൻ എ.എസ് റോമ ശ്രമങ്ങൾ ആരംഭിച്ചു. ജേഡൻ സാഞ്ചോയെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് മലാഷ്യയിൽ റോമക്ക് താൽപ്പര്യമുണ്ട് എന്ന് ക്ലബറിയിച്ചത്.

കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനങ്ങൾക്കു ശേഷം ടീം മെച്ചപ്പെടുത്താൻ രണ്ട് താരങ്ങളെയും സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബ് ആഗ്രഹിക്കുന്നുണ്ട്. സാഞ്ചോയ്ക്കായി റോമ ഏകദേശം 20 മില്യൺ പൗണ്ടിന്റെ ഒഫർ സമർപ്പിച്ചു കഴിഞ്ഞു, ഇത് സ്വീകരിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാണ്. എന്നിരുന്നാലും, സാഞ്ചോ റോമയുമായി വ്യക്തിപരമായ നിബന്ധനകളിൽ ധാരണയിലെത്താത്തതിനാൽ ഈ നീക്കം തടസ്സപ്പെട്ടിരിക്കുകയാണ്.
ഈ ചർച്ചകൾക്കിടയിലാണ് മലാഷ്യയിലേക്ക് റോമയുടെ ശ്രദ്ധ തിരിയുന്നത്. പ്രതിരോധനിരയിൽ കൂടുതൽ കരുത്ത് പകരാൻ കഴിയുന്ന, അധികം പണം മുടക്കാതെ സ്വന്തമാക്കാവുന്ന ഒരു താരമായാണ് മലാഷ്യയെ റോമ കാണുന്നത്. യുണൈറ്റഡിൽ അവസരങ്ങൾ കുറവായ മലാഷ്യ ക്ലബ് വിടാൻ ശ്രമിക്കുകയാണ്.
തുർക്കി ക്ലബ്ബായ ബെസിക്റ്റാസും ഇറ്റാലിയൻ ക്ലബ്ബായ അറ്റ്ലാന്റയും ഈ ഡച്ച് ഡിഫൻഡറിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായ ഒഫറുകൾ ആരും ഇതുവരെ നൽകിയിട്ടില്ല.