ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ നായകൻ സൂര്യകുമാർ യാദവ് ഉണ്ടാകും. അദ്ദേഹം ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ ഫിറ്റ്നസ് ടെസ്റ്റ് പാസായി. ഈ വർഷം ആദ്യം മ്യൂണിക്കിൽ സ്പോർട്സ് ഹെർണിയക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനായ വെടിക്കെട്ട് ബാറ്റ്സ്മാൻ, അജിത് അഗാർക്കർ നയിക്കുന്ന സെലക്ഷൻ കമ്മിറ്റി ടീമിനെ അന്തിമമാക്കുന്നതിന് മുമ്പുള്ള നിർബന്ധിത ‘റിട്ടേൺ ടു പ്ലേ’ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി.

സൂര്യകുമാർ യാദവ്, കഴിഞ്ഞ രണ്ട് മാസമായി ശസ്ത്രക്രിയയുടെ ഭാഗമായുള്ള വിശ്രമത്തിലായിരുന്നു. സെപ്റ്റംബർ 9ന് യുഎഇയിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യയ്ക്ക് ഇത് ഒരു വലിയ ഉത്തേജനമാണ്. സെപ്റ്റംബർ 10ന് ആതിഥേയരായ യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ശേഷം സെപ്റ്റംബർ 14ന് ദുബായിൽ പാകിസ്ഥാനെതിരെയും ഇന്ത്യ കളിക്കും.
34-കാരനായ സൂര്യകുമാർ യാദവ് ഈ വർഷം നടന്ന ഐപിഎല്ലിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മുംബൈ ഇന്ത്യൻസിന് വേണ്ടി 717 റൺസ് നേടിയ അദ്ദേഹം, ഒരു സീസണിൽ 600-ൽ അധികം റൺസ് നേടുന്ന സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം മുംബൈ ഇന്ത്യൻസ് ടീമിലെ രണ്ടാമത്തെ കളിക്കാരനായി. അദ്ദേഹത്തിന്റെ പ്രകടനം മുംബൈ ഇന്ത്യൻസിനെ പ്ലേഓഫിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.