ഇന്ന് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് vs ആഴ്സണൽ

Newsroom

Picsart 25 08 17 00 29 09 443
Download the Fanport app now!
Appstore Badge
Google Play Badge 1


പുതിയ പ്രീമിയർ ലീഗ് സീസണിൽ ഇന്ന് ഒരു കിടിലൻ പോരാട്ടമാണ് നടക്കുന്നത്. ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനെ നേരിടുന്നു. വലിയ ട്രാൻസ്ഫർ നീക്കങ്ങൾക്ക് ശേഷം ഇരു ടീമുകളും കൂടുതൽ കരുത്തരായാണ് കളത്തിലിറങ്ങുന്നത്. റൂബൻ അമോറിമും മൈക്കൽ അർട്ടെറ്റയും അവരുടെ പുതിയ താരനിരയെ അണിനിരത്തി ആദ്യ മത്സരത്തിൽത്തന്നെ ജയിച്ച് സീസൺ പോസിറ്റീവ് ആയി ആരംഭിക്കാൻ ആണ് ലക്ഷ്യമിടുന്നത്.

Bruno

ഇംഗ്ലണ്ടിലെ രണ്ട് വലിയ ക്ലബ്ബുകളുടെ ഈ പോരാട്ടം ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് ആവേശം നൽകുമെന്നുറപ്പ്. കഴിഞ്ഞ വർഷത്തെ പതിനഞ്ചാം സ്ഥാനക്കാരായ യുണൈറ്റഡ് ആ നിരാശ മായ്ച്ചുകളയാൻ ലക്ഷ്യമിട്ടാണ് ഈ സീസണിലിറങ്ങുന്നത്. മാറ്റിയൂസ് കുഞ്ഞ്യ, ബ്രയാൻ എംബ്യൂമോ, യുവ സ്ട്രൈക്കർ ബെഞ്ചമിൻ ഷെസ്കോ എന്നിവരെ ടീമിലെത്തിച്ച് അവർ തങ്ങളുടെ സ്ക്വാഡ് ശക്തിപ്പെടുത്തിയിട്ടുണ്ട്. ഫിറ്റ്നസ് വീണ്ടെടുത്ത ഗോൾ കീപ്പർ ആൻഡ്രെ ഒനാന ഇന്ന് ഇറങ്ങും.

പ്രതിരോധ നിരയിൽ യോറോ, എയ്ദൻ ഹെവൻ, എന്നിവർക്ക് ഒപ്പം ഡിലിറ്റോ മഗ്വയറോ അണിനിരക്കും. ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസും കസെമിറോയും മധ്യനിരയും ഇറങ്ങും എന്നാണ് സൂചനകൾ. അറ്റാക്കിംഗ് വിംഗ് ബാക്കുകളായ അമാഡ് ഡയലോയും പാട്രിക് ഡോർഗുവും മുന്നേറ്റങ്ങൾക്ക് വേഗത കൂട്ടും എന്ന് വിശ്വസിക്കാം. എന്നാൽ വലിയ മത്സരം ആയതിനാൽ അമദിന് പകരം ഡാലോട്ടിനെ റൈറ്റ് വിങ് ബാക്ക് ആക്കിയേക്കും.

എംബ്യൂമോ-കുഞ്ഞ്യ-ഷെസ്കോ സഖ്യം അറ്റാക്കിൽ ഉണ്ടാകും. അച്ചടക്കമുള്ള ആഴ്സണൽ പ്രതിരോധത്തിനെതിരെ ഈ പുതിയ മുന്നേറ്റനിര എത്ര വേഗത്തിൽ ഒത്തിണങ്ങുമെന്നാണ് യുണൈറ്റഡിനെ സംബന്ധിച്ചുള്ള പ്രധാന ചോദ്യം.

ആഴ്‌സണൽ


2004-ന് ശേഷം ആദ്യമായി പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിടുന്ന ആഴ്സണൽ, മുന്നേറ്റനിരയിലേക്ക് വിക്ടർ ഗ്യോകെരെസിനെയും മധ്യനിരയിലേക്ക് മാർട്ടിൻ സുബിമെൻഡിയെയും ഉൾപ്പെടെ മികച്ച കളിക്കാരെ ടീമിലെത്തിച്ചിട്ടുണ്ട്. അവരുടെ പ്രതിരോധത്തിൽ ഗബ്രിയേൽ, സാലിബ, ബെൻ വൈറ്റ്, ലെവിസ്-സ്കെല്ലി എന്നിവർ അർട്ടെറ്റയുടെ തന്ത്രങ്ങൾക്കനുസരിച്ച് അണിനിരക്കും. ഓഡെഗാർഡ്, റൈസ്, സുബിമെൻഡി എന്നിവർ കളിയുടെ താളം നിയന്ത്രിക്കും. പുതിയ സ്ട്രൈക്കർ ഗ്യോകെരെസിനൊപ്പം മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കാൻ അപകടകാരികളായ സാകയും മാർട്ടിനെല്ലിയും ഉണ്ടാകും.


ഈ മത്സരം പുതിയ താരങ്ങൾക്ക് പ്രീമിയർ ലീഗിന്റെ വലിയ വേദിയിൽ തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണിത്. സമീപകാലങ്ങളിൽ ആഴ്സണലിനാണ് ഈ പോരാട്ടത്തിൽ മുൻതൂക്കമെങ്കിലും, ഓൾഡ് ട്രാഫോർഡിലെ ഈ തീപാറും പോരാട്ടത്തിൽ എന്തും സംഭവിക്കാം.


തത്സമയ സംപ്രേക്ഷണ വിവരങ്ങൾ:
തിയ്യതി: ഞായർ, ഓഗസ്റ്റ് 17, 2025
സമയം: രാത്രി 9:00 PM IST
വേദി: ഓൾഡ് ട്രാഫോർഡ്, മാഞ്ചസ്റ്റർ
ടിവി സംപ്രേക്ഷണം: സ്റ്റാർ സ്പോർട്സ് സെലക്ട് 1, സ്റ്റാർ സ്പോർട്സ് സെലക്ട് 1 എച്ച്ഡി
തത്സമയ സ്ട്രീമിംഗ്: ജിയോഹോട്ട്സ്റ്റാർ ആപ്പ്, വെബ്സൈറ്റ്, ഒടിടിപ്ലേ പ്രീമിയത്തിലും ലഭ്യമാണ്.