ഈ സമ്മർ ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിന് മുമ്പ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ഇംഗ്ലണ്ട് ഇന്റർനാഷണൽ താരമായ മാർക്ക് ഗുവേഹിയെ സ്വന്തമാക്കാൻ ലിവർപൂൾ ക്രിസ്റ്റൽ പാലസുമായി ചർച്ചകൾ തുടങ്ങി. ഇതുവരെ ഔദ്യോഗിക ഓഫറുകൾ സമർപ്പിച്ചിട്ടില്ലെങ്കിലും, റെഡ്സ് ഈ 24-കാരൻ സെന്റർ-ബാക്കിനെ സ്വന്തമാക്കാൻ താൽപ്പര്യപ്പെടുന്നു.

സെൽഹർസ്റ്റ് പാർക്കിലെ കരാറിന്റെ അവസാന വർഷത്തിലാണ് താരം. കൂടാതെ കരാർ പുതുക്കാൻ ഗുവേഹിക്ക് താൽപ്പര്യമില്ല. ലോകകപ്പ് വരാനിരിക്കുന്നതിനാൽ മത്സരങ്ങളിൽ സ്ഥിരമായി അവസരം ലഭിക്കുമെന്ന് ഉറപ്പാണ് ഗുവേഹി പ്രതീക്ഷിക്കുന്നത്.
അടുത്ത വർഷം ഫ്രീ ട്രാൻസ്ഫറിൽ ഗുവേഹിയെ നഷ്ടപ്പെടുത്തുന്നതിന് പകരം ഈ സമ്മറിൽ വിൽക്കാൻ ക്രിസ്റ്റൽ പാലസ് താല്പര്യപ്പെടുന്നുണ്ട്.
2021-ൽ ചെൽസിയിൽ നിന്ന് ക്രിസ്റ്റൽ പാലസിലേക്ക് വന്നതിന് ശേഷം ഗുവേഹി ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്. 150-ലധികം മത്സരങ്ങൾ കളിച്ച അദ്ദേഹം മെയ് മാസത്തിൽ എഫ്എ കപ്പ് കിരീടം നേടുന്നതിലും ഒപ്പം ലിവർപൂളിനെ തോൽപ്പിച്ച് കമ്മ്യൂണിറ്റി ഷീൽഡ് കിരീടത്തിലേക്കും ടീമിനെ നയിച്ചിരുന്നു.