സിൻസിനാറ്റി: സിൻസിനാറ്റി ഓപ്പണിൽ അപ്രതീക്ഷിതമായ പ്രതിസന്ധികളെ അതിജീവിച്ച് ജാനിക് സിന്നർ നാലാം റൗണ്ടിൽ. കനേഡിയൻ താരം ഗബ്രിയേൽ ഡയാലോയെ നേരിട്ടുള്ള സെറ്റുകൾക്ക് (6-2, 7-6 (8/6)) പരാജയപ്പെടുത്തിയാണ് സിന്നർ മുന്നേറിയത്. കളിക്കിടെ ഉണ്ടായ 75 മിനിറ്റ് നീണ്ട വൈദ്യുതി മുടക്കം, മിന്നുന്ന എൽഇഡി സ്ക്രീനുകൾ, സ്റ്റേഡിയത്തിലെ അലാറം തുടങ്ങിയ തടസ്സങ്ങൾക്കിടയിലും സിന്നർ തന്റെ മികവ് തെളിയിച്ചു.
രണ്ടാം സെറ്റിൽ ഒരു ബ്രേക്ക് വഴങ്ങിയെങ്കിലും, ശക്തമായി തിരിച്ചെത്തിയ സിന്നർ ഒരു ഏസിലൂടെ മത്സരം സ്വന്തമാക്കി. ഇതോടെ ഹാർഡ് കോർട്ടിലെ താരത്തിന്റെ അപരാജിത കുതിപ്പ് 23 മത്സരങ്ങളായി ഉയർന്നു. ലോക റാങ്കിംഗിൽ 35-ാം സ്ഥാനത്തുള്ള ഡയാലോയ്ക്ക് സ്ഥിരത നിലനിർത്താൻ കഴിഞ്ഞില്ല. ആദ്യ സെറ്റിൽ എട്ട് ഡബിൾ ഫോൾട്ടുകളും, മൊത്തത്തിൽ 49 അൺഫോഴ്സ്ഡ് എററും വരുത്തി.
വനിതാ വിഭാഗത്തിൽ, ലോക ഒന്നാം നമ്പർ താരം അര്യാന സബലെങ്ക മൂന്ന് മണിക്കൂർ നീണ്ട പോരാട്ടത്തിൽ എമ്മ റാഡുകാനുവിനെ തോൽപ്പിച്ച് മുന്നോട്ട് പോയി. പവർ, മനോബലം എന്നിവയുടെ പോരാട്ടത്തിൽ 7-6 (7/3), 4-6, 7-6 (7/5) എന്ന സ്കോറിനാണ് സബലെങ്ക വിജയിച്ചത്. തന്റെ പത്താമത്തെ ഡബ്ല്യുടിഎ 1000 കിരീടം ലക്ഷ്യമിടുന്ന സബലെങ്ക അടുത്ത റൗണ്ടിൽ സ്പെയിനിന്റെ ജെസീക്ക ബൗസാസ് മാനെയ്‌റോയെ നേരിടും.