രാജസ്ഥാൻ റോയൽസ് (ആർആർ) വിടാൻ സഞ്ജു സാംസൺ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾക്ക് ഇടയിൽ ഇതിന്റെ കാരണം എന്താണെന്ന് പറഞ്ഞ് മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരം ബദ്രിനാഥ്. റിയാൻ പരാഗിന് ആർആറിൽ വർദ്ധിച്ചുവരുന്ന പ്രാധാന്യമാണ് സാംസൺ ഫ്രാഞ്ചൈസി വിടാൻ ആവശ്യപ്പെടാൻ കാരണമെന്ന് മുൻ ഇന്ത്യൻ താരം എസ്. ബദ്രിനാഥ് അഭിപ്രായപ്പെട്ടു.

2025 ഐപിഎല്ലിന്റെ ആദ്യ മത്സരങ്ങളിൽ പരിക്കുമൂലം സഞ്ജുവിന് കളിക്കാൻ സാധിക്കാതിരുന്നപ്പോൾ, ആർആറിനെ നയിച്ചത് പരാഗായിരുന്നു. ഇത് യുവതാരത്തിലുള്ള ഫ്രാഞ്ചൈസിയുടെ വിശ്വാസം വ്യക്തമാക്കുന്നു. നായകസ്ഥാനത്തെ ചൊല്ലിയുള്ള ഈ മാറ്റങ്ങൾ സഞ്ജുവിന്റെ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
സഞ്ജു ചെന്നൈയിലേക്ക് വരുമെന്ന അഭ്യൂഹങ്ങളെ കുറിച്ചും ബദ്രിനാഥ് പ്രതികരിച്ചു. ഗെയ്ക്വാദ്, ആയുഷ് മാത്രെ, ഡെവാൾഡ് ബ്രെവിസ് തുടങ്ങിയ കളിക്കാർ സിഎസ്കെയുടെ മുൻനിര ബാറ്റിംഗ് നിരയിൽ ശക്തമായി നിലകൊള്ളുന്നതിനാൽ, അവിടെ സഞ്ജുവിന് ഒരു സ്ഥാനം കണ്ടെത്താൻ പ്രയാസമാകുമെന്ന് ബദ്രിനാഥ് അഭിപ്രായപ്പെട്ടു.
ആദ്യ മൂന്ന് അല്ലെങ്കിൽ നാല് സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്ന സഞ്ജുവിന്, സിഎസ്കെയുടെ ശക്തികേന്ദ്രമായ മധ്യനിരയിൽ കളിക്കാൻ ബുദ്ധിമുട്ടുണ്ടായേക്കാം എന്നും അദ്ദേഹം പറഞ്ഞു.