മിലാൻ: പ്രതിരോധനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജെനോവയുടെ ബെൽജിയൻ പ്രതിരോധ താരം കോനി ഡി വിന്ററിനെ സ്വന്തമാക്കാൻ എസി മിലാൻ ഒരുങ്ങുന്നു. താരത്തിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട് രണ്ട് ക്ലബുകളും തമ്മിൽ വാക്കാൽ ധാരണയായി. ഏകദേശം 20 മില്യൺ യൂറോയാണ് കൈമാറ്റത്തുകയായി നിശ്ചയിച്ചിരിക്കുന്നത്. ഈ ആഴ്ച് മിലാനിൽ വെച്ച് താരത്തിന്റെ വൈദ്യപരിശോധനകൾ പൂർത്തിയാക്കി, കരാറിൽ ഒപ്പിടും.
23 വയസ്സുകാരനായ ഡി വിന്റർ, നേരത്തെ യുവന്റസിനുവേണ്ടി കളിച്ചിട്ടുണ്ട്. മാലിക ത്യായെ 40 മില്യൺ യൂറോയ്ക്ക് ന്യൂകാസിൽ യുണൈറ്റഡിന് വിറ്റതിന് പിന്നാലെയാണ് മിലാന്റെ ഈ നീക്കം.
പ്രതിരോധനിരയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന യുവതാരമാണ് ഡി വിന്റർ. ഇറ്റാലിയൻ ലീഗിൽ ജെനോവയ്ക്കായി നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് തുണയായത്. മറ്റ് താരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വിലയും സെരി എയിലെ പരിചയസമ്പത്തും ഡി വിന്ററിന് മുൻഗണന നൽകാൻ മിലാനെ പ്രേരിപ്പിച്ചു.