ഓവൽ: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ ഇന്ത്യക്ക് സമ്പൂർണ്ണ ആധിപത്യം. മൂന്നാം ദിനം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 396ൽ അവസാനിച്ചു. ഇന്ത്യ ഇംഗ്ലണ്ടിന് മുന്നിൽ 374 റൺസിന്റെ വിജയലക്ഷ്യമാണ് വെച്ചത്. വാഷിംഗ്ടൺ സുന്ദറിൻ്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യൻ ലീഡ് 373-ൽ എത്തിച്ചത്.

തുടക്കത്തിൽ യശസ്വി ജയ്‌സ്വാളിന്റെ (118) സെഞ്ച്വറിയും ആകാശ് ദീപിന്റെ (66) അപ്രതീക്ഷിത ബാറ്റിംഗ് മികവുമാണ് ഇന്ത്യക്ക് മികച്ച അടിത്തറ നൽകിയത്. പിന്നീട് രവീന്ദ്ര ജഡേജയുടെ (77 പന്തിൽ 53) സംയമനത്തോടെയുള്ള പ്രകടനവും ധ്രുവ് ജൂറലിന്റെ (34) വേഗത്തിലുള്ള റൺസുകളും ഇന്ത്യയുടെ ആധിപത്യം ഉറപ്പിച്ചു.
എന്നാൽ, ഒമ്പതാം നമ്പറിൽ ഇറങ്ങിയ വാഷിംഗ്ടൺ സുന്ദറാണ് (46 പന്തിൽ 53) ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത്. നാല് ഫോറുകളും നാല് സിക്‌സറുകളും അടങ്ങുന്നതായിരുന്നു സുന്ദറിന്റെ പ്രകടനം.
ഇംഗ്ലീഷ് ബൗളർമാർ തളർന്നുപോയ കാഴ്ചയാണ് ഓവലിൽ കണ്ടത്. ജോഷ് ടോങ് (5/125) അഞ്ച് വിക്കറ്റ് നേടി പൊരുതിയെങ്കിലും റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാട്ടിയില്ല. ഗസ് അറ്റ്കിൻസൺ മൂന്ന് വിക്കറ്റെടുത്തു.
പിച്ച് തേഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാർക്ക് കടുത്ത വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.