ലണ്ടൻ: ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം ഇംഗ്ലണ്ടിന് ബാറ്റിംഗിൽ ശക്തമായ തിരിച്ചടി. ഉച്ചഭക്ഷണത്തിന് ശേഷം ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ ഇംഗ്ലണ്ട് 215/7 എന്ന നിലയിലേക്ക് തകർന്നു. ഒരു ഘട്ടത്തിൽ ബാസ്ബോൾ ആധിപത്യം പുലർത്തിയ ഇംഗ്ലണ്ടിന്റെ പ്രകടനം ഇന്ത്യയുടെ മികച്ച ബൗളിങ്ങിന് മുന്നിൽ ദുർബലമായി.

109/1 എന്ന മികച്ച നിലയിൽ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് ടോപ് ഓർഡർ ഇന്ത്യക്ക് മേൽ സമ്മർദ്ദം ചെലുത്തി. എന്നാൽ 14 ബൗണ്ടറികളുമായി 57 പന്തിൽ 64 റൺസ് നേടിയ സാക്ക് ക്രോളി പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ പുറത്തായി. അധികം വൈകാതെ, ഒല്ലി പോപ്പ് (22), ജോ റൂട്ട് (29) എന്നിവരെ മുഹമ്മദ് സിറാജ് മടക്കി.
മധ്യനിരക്ക് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. ജേക്കബ് ബെഥേൽ (6) സിറാജിന്റെ മൂന്നാം ഇരയായപ്പോൾ, ജാമി സ്മിത്ത് (8), ജാമി ഓവർട്ടൺ (0) എന്നിവർ പ്രസിദ്ധിന് മുന്നിൽ വീണു. 36 പന്തിൽ 33 റൺസുമായി ഹാരി ബ്രൂക്ക് പിടിച്ചുനിന്നെങ്കിലും, വിക്കറ്റുകൾ ഓരോന്നായി നഷ്ടമായി.
ഇന്ത്യയ്ക്ക് വേണ്ടി സിറാജ് (3/66), പ്രസിദ്ധ് (3/51) എന്നിവർ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ആകാശ് ദീപ് (1/80) ബെൻ ഡക്കറ്റിന്റെ വിക്കറ്റ് നേരത്തെ തന്നെ നേടിയിരുന്നു. ആദ്യ സെഷനിൽ ഓരോ ഓവറിലും ഏഴ് റൺസിന് അടുത്തായിരുന്നു ഇംഗ്ലണ്ടിന്റെ സ്കോറിംഗ് നിരക്ക്. എന്നാൽ വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ ഇംഗ്ലണ്ടിന് പ്രതിരോധത്തിലായി.
92/0 എന്ന നിലയിൽ നിന്നും ഇംഗ്ലണ്ട് ഇപ്പോൾ വെറും 9 റൺസ് മാത്രം പിന്നിലാണ്. എന്നാൽ, ഇനി മൂന്ന് വിക്കറ്റുകൾ മാത്രമാണ് അവർക്ക് ശേഷിക്കുന്നത്. ഒരു ഘട്ടത്തിൽ വലിയ റൺസ് ലീഡ് വഴങ്ങുമെന്നു കരുതിയ ഇന്ത്യക്ക് ശക്തമായ തിരിച്ചുവരവ് നടത്തി മത്സരത്തിലേക്ക് മടങ്ങിയെത്താൻ സാധിച്ചു.