മുംബൈ: ഇന്ത്യൻ കായിക പ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു കാഴ്ചക്ക് ഡിസംബറിൽ സാധ്യത തെളിയുന്നു. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി മൂന്നു നഗരങ്ങളിൽ പര്യടനത്തിനായി ഇന്ത്യയിലെത്തുന്നു. ഈ പര്യടനത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രത്യേക ക്രിക്കറ്റ് മത്സരമാണ്. ഡിസംബർ 14-ന് നടക്കുന്ന ഈ മത്സരത്തിൽ ഫുട്ബോൾ ബൂട്ട് മാറ്റി മെസ്സി ക്രിക്കറ്റ് ബാറ്റേന്തും.

സംഘാടകർ നൽകുന്ന സൂചനയനുസരിച്ച്, ഏഴംഗ ടീമുകൾ പങ്കെടുക്കുന്ന ഈ ക്രിക്കറ്റ് മത്സരത്തിൽ മെസ്സിക്ക് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ വിരാട് കോഹ്ലി, എം.എസ്. ധോണി എന്നിവരുമായി ഏറ്റുമുട്ടാൻ അവസരം ലഭിച്ചേക്കും. സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ എന്നിവരും മത്സരത്തിൽ പങ്കെടുത്തേക്കുമെന്നും സൂചനകളുണ്ട്. ഈ പരിപാടിക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അനുമതി നൽകിയിട്ടുണ്ട്. മത്സരം ടിക്കറ്റുള്ള ഒരു പരിപാടിയായിരിക്കും.
ഡിസംബർ 13 മുതൽ 15 വരെയാണ് മെസ്സിയുടെ ഇന്ത്യാ സന്ദർശനം. കൊൽക്കത്തയും ഡൽഹിയും അദ്ദേഹം സന്ദർശിക്കും. കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ഈഡൻ ഗാർഡൻസിൽ വെച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അദ്ദേഹത്തെ ആദരിക്കും.
ഇതിന്റെ ഭാഗമായി “ഗോട്ട് കപ്പ്” എന്ന പേരിൽ ഏഴംഗ ഫുട്ബോൾ ടൂർണമെന്റും കുട്ടികൾക്കായി ഒരു ഫുട്ബോൾ വർക്ക്ഷോപ്പും സംഘടിപ്പിക്കുന്നുണ്ട്.
2011-ൽ അർജന്റീനയും വെനസ്വേലയും തമ്മിലുള്ള സൗഹൃദ മത്സരത്തിനായി കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ എത്തിയതിനു ശേഷം മെസ്സിയുടെ രണ്ടാമത്തെ ഇന്ത്യാ സന്ദർശനമാണിത്. നിലവിൽ അമേരിക്കൻ ലീഗായ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്കു വേണ്ടി കളിക്കുന്ന ഈ 38-കാരൻ 2026-ൽ നടക്കുന്ന തന്റെ അവസാന ലോകകപ്പ് ലക്ഷ്യമിട്ടാണ് മുന്നേറുന്നത്.