തൃശ്ശൂർ സ്വദേശിയായ ഇന്ത്യൻ ചെസ്സ് ഇതിഹാസം നിഹാൽ സരിൻ റിയാദിൽ നടക്കുന്ന ഇ-സ്പോർട്സ് ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ലാസ്റ്റ് ചാൻസ് ക്വാളിഫയറിലൂടെയാണ് 21 വയസ്സുകാരനായ നിഹാൽ ഗ്രാൻഡ് ഫൈനലിൽ ഇടം നേടിയത്. അർജുൻ എരിഗൈസിക്ക് ആണ് ലോകകപ്പ് ഫൈനലിൽ ഉള്ള മറ്റൊരു ഇന്ത്യൻ താരം.

റാപ്പിഡ്, ബ്ലിറ്റ്സ് ഫോർമാറ്റുകളിലുള്ള തന്റെ അസാമാന്യ പ്രകടനം നിഹാൽ കാഴ്ചവച്ചു. വെള്ളിയാഴ്ച നടന്ന ഗ്രൂപ്പ് മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയാണ് നിഹാൽ വിന്നേഴ്സ് ബ്രാക്കറ്റിൽ പ്രവേശിച്ചത്. ഡെനിസ് ലസാവിക്കിനെതിരെയും തുടർന്ന് അനീഷ് ഗിരി, ആന്ദ്രേ എസിപെൻകോ എന്നിവർക്കെതിരെയും വിജയം നേടി നിഹാൽ തന്റെ ആധിപത്യം തുടർന്നു. ഈ വിജയങ്ങൾ വിന്നേഴ്സ് ബ്രാക്കറ്റിന്റെ സെമിഫൈനലിലേക്കും പിന്നീട് ലോകകപ്പ് ഫൈനലിലേക്കും നിഹാലിന് വഴിതുറന്നു.
ഫൈനലിൽ ഇന്ത്യൻ ക്ലബ് S8UL-നെയാണ് നിഹാൽ പ്രതിനിധീകരിക്കുന്നത്. അതേസമയം, അർജുൻ എരിഗൈസി ചാമ്പ്യൻസ് ചെസ്സ് ടൂർ വഴി നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. അർജുൻ Gen.G ഇസ്പോർട്സിനു വേണ്ടിയാണ് മത്സരിക്കുന്നത്. ലെവോൺ ആരോണിയൻ, ജാവോഖിർ സിൻഡറോവ് എന്നിവരാണ് യോഗ്യത നേടിയ മറ്റ് പ്രമുഖ അന്താരാഷ്ട്ര താരങ്ങൾ. ലാസ്റ്റ് ചാൻസ് ക്വാളിഫയറിൽ പങ്കെടുത്ത മറ്റൊരു ഇന്ത്യൻ താരമായ പ്രഗ്നാനന്ദ നേരത്തെ പുറത്തായിരുന്നു.
ഇ-സ്പോർട്സ് ലോകകപ്പിലെ ചെസ്സ് ഇവന്റിന്റെ ഫൈനൽ ഞായറാഴ്ച ആരംഭിക്കും.