ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ഇന്ത്യയെ 311 റൺസിന് പിന്നിലാക്കി ഇംഗ്ലണ്ട് തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ 669 റൺസിന്റെ കൂറ്റൻ സ്കോർ നേടി ആധിപത്യം ഉറപ്പിച്ചു.
ഓപ്പണർമാരായ സാക്ക് ക്രോളിയും ബെൻ ഡക്കറ്റും ചേർന്ന് സൃഷ്ടിച്ച 166 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ട് ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകിയിരുന്നു. ക്രോളി 84 റൺസും ഡക്കറ്റ് 94 റൺസും നേടി. ഓലി പോപ്പ് 71 റൺസ് സംഭാവന ചെയ്തപ്പോൾ, ജോ റൂട്ടും ക്യാപ്റ്റൻ ബെൻ സ്റ്റോക്സും പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തു. റൂട്ട് 248 പന്തിൽ 150 റൺസെടുത്ത് നിലയുറപ്പിച്ചപ്പോൾ, സ്റ്റോക്സ് ഇന്ന് ആക്രമിച്ച് കളിച്ച് 198 പന്തിൽ മൂന്ന് സിക്സറുകളടക്കം 141 റൺസ് നേടി.

ഇംഗ്ലണ്ടിന്റെ മധ്യനിരയും വാലറ്റവും നിർണ്ണായക റൺസ് നേടി. ബ്രൈഡൺ കാർസ് അതിവേഗം 47 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യൻ ബൗളർമാരെ കൂടുതൽ നിരാശരാക്കി. രവീന്ദ്ര ജഡേജ നാല് വിക്കറ്റും വാഷിംഗ്ടൺ സുന്ദർ രണ്ട് വിക്കറ്റും വീഴ്ത്തി ഇന്ത്യൻ ബൗളിംഗിൽ ചെറുത്ത് നിൽപ്പ് നടത്തി. ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും 33 ഓവറിൽ 112 റൺസ് വഴങ്ങി വളരെ അധികം റൺസ് വിട്ടുകൊടുത്തു.