ഇന്ത്യൻ പേസ് ബൗളിങ്ങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. തുടർച്ചയായ ഫിറ്റ്നസ് പ്രശ്നങ്ങൾ ബുംറയുടെ ടെസ്റ്റ് കരിയറിന് ഭീഷണിയാകുകയാണെന്ന് കൈഫ് ചൂണ്ടിക്കാട്ടി. നിലവിൽ ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റർ ടെസ്റ്റിൽ ബുംറ നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ഫിറ്റ്നസിനെയും ടെസ്റ്റ് ക്രിക്കറ്റിലെ ഭാവിയെയും കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

അസാധാരണമായ ബൗളിംഗ് ആക്ഷൻ കാരണം ബുംറ തന്റെ കരിയറിൽ ഉടനീളം പരിക്കുകളാൽ വലഞ്ഞിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ പുറത്ത് വലിയ സമ്മർദ്ദം ചെലുത്തുന്ന ഒന്നാണ്. നാലാം ടെസ്റ്റിനിടെ ഇന്നലെ ബുംറ അസ്വസ്ഥത പ്രകടിപ്പിച്ച് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയിരുന്നു. ഇന്ത്യയുടെ ബോളിംഗ് കോച്ച് മോർനെ മോർക്കൽ പരിക്ക് വാർത്ത തള്ളിക്കളഞ്ഞില്ലെങ്കിലും, ആരാധകർക്ക് ഇടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.
ഒരു സോഷ്യൽ മീഡിയ വീഡിയോയിൽ കൈഫ് ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കാമെന്ന് അഭിപ്രായപ്പെട്ടു. “അവൻ പതുക്കെയാണ് പന്തെറിയുന്നത്, ശാരീരികമായി ക്ഷീണിതനായും തോന്നുന്നു. രാജ്യത്തിന് വേണ്ടി 100% നൽകാൻ കഴിയില്ലെന്ന് തോന്നിയാൽ അവൻ സ്വയം ഒഴിഞ്ഞുമാറിയേക്കാം എന്നാണ് എന്റെ ഉള്ളു പറയുന്നത്,” കൈഫ് പറഞ്ഞു.