കെയ്‌റോയിൽ നടന്ന 2025 ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ വനിതാ സിംഗിൾസിൽ അനാഹത് സിംഗ് വെങ്കല മെഡൽ നേടി ചരിത്രം കുറിച്ചു. ഇതോടെ 15 വർഷത്തെ മെഡൽ വരൾച്ചയ്ക്കാണ് അനാഹത് വിരാമമിട്ടത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച 17 വയസ്സുകാരിയായ ഡൽഹി താരം, കഴിഞ്ഞ മൂന്ന് വർഷമായി ക്വാർട്ടർ ഫൈനലിൽ നേരിട്ടിരുന്ന തടസ്സങ്ങളെ മറികടന്ന് മുന്നേറി.

സെമിഫൈനലിൽ ഈജിപ്തിൻ്റെ നാദിൻ എൽഹമാമിയോട് 11-6, 14-12, 12-10 എന്ന സ്കോറിന് അനാഹത് പൊരുതി തോറ്റു. നേരിട്ടുള്ള ഗെയിമുകൾക്ക് തോറ്റെങ്കിലും, ഓരോ ഗെയിമിലും ഈജിപ്ഷ്യൻ താരത്തിന് അനാഹത് കടുത്ത വെല്ലുവിളി ഉയർത്തി. ദീപിക പള്ളിക്കലിന് ശേഷം (2010) ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് അനാഹത്.
ടൂർണമെന്റിൽ രണ്ടാം സീഡായിരുന്ന അനാഹത് നേരത്തെ ഈജിപ്തിൻ്റെ മാലിക എൽകരക്സിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി സെമിയിലെത്തിയിരുന്നു. നിലവിൽ പിഎസ്എ വേൾഡ് ടൂറിൽ 54-ാം റാങ്കിലുള്ള അനാഹത്, പ്രൊഫഷണൽ സർക്യൂട്ടിലെ ഏറ്റവും ഉയർന്ന റാങ്കിലുള്ള ഇന്ത്യൻ വനിതാ താരമാണ്.