സച്ചിൻ ടെണ്ടുൽക്കറുടെ ടെസ്റ്റ് റൺസ് റെക്കോർഡ് മറികടക്കാൻ ഇംഗ്ലീഷ് താരം ജോ റൂട്ടിന് “ഒരു തടസ്സവുമില്ല” എന്ന് റിക്കി പോണ്ടിംഗ് പറഞ്ഞു. ഓൾഡ് ട്രാഫോർഡിൽ ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റിൽ തകർപ്പൻ 150 റൺസ് നേടിയതോടെ റൂട്ട് എക്കാലത്തെയും മികച്ച റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നിരുന്നു.

ഈ ഇന്നിംഗ്സോടെ രാഹുൽ ദ്രാവിഡ്, ജാക്ക് കാലിസ്, പോണ്ടിംഗ് (13,378 റൺസ്) എന്നിവരെ റൂട്ട് മറികടന്നു. തന്റെ 157-ാം ടെസ്റ്റിൽ 13,409 റൺസാണ് റൂട്ട് ഇപ്പോൾ നേടിയിരിക്കുന്നത്. 15,921 ടെസ്റ്റ് റൺസുമായി വിരമിച്ച സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് ഇനി റൂട്ടിന് മുന്നിലുള്ളത്. ഏകദേശം 2,500 റൺസിന്റെ വ്യത്യാസം മാത്രമാണുള്ളത്.
“ജോ റൂട്ടിന് അഭിനന്ദനങ്ങൾ. ചരിത്രത്തിലെ ഒരു മഹത്തായ നിമിഷം. പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഇനി ഒരാൾ കൂടി മാത്രം… കഴിഞ്ഞ നാലോ അഞ്ചോ വർഷമായി അദ്ദേഹത്തിന്റെ കരിയർ മുന്നോട്ട് പോകുന്ന രീതി വെച്ച് നോക്കുമ്പോൾ, ഒന്നാം സ്ഥാനത്ത് എത്താൻ അദ്ദേഹത്തിന് യാതൊരു കാരണവശാലും തടസ്സമില്ല.” പോണ്ടിംഗ് പറഞ്ഞു.
റൂട്ടിന്റെ മനോഭാവത്തെയും ദീർഘകാല പ്രകടനത്തെയും പോണ്ടിംഗ് പ്രശംസിച്ചു:
“മെച്ചപ്പെടാനുള്ള ആ വിശപ്പും ആഗ്രഹവും അദ്ദേഹത്തിന് ഇപ്പോഴുമുണ്ട്. പ്രായം കൂടുന്തോറും അത് എളുപ്പമല്ല.”