ഇറ്റലി താരം മാറ്റിയോ റെറ്റേഗി അറ്റലാന്റയിൽ നിന്ന് സൗദി പ്രോ ലീഗ് ടീമായ അൽ-ഖാദിസിയയിലേക്ക് കൂടുമാറി. 65 ദശലക്ഷം യൂറോയോളം വരുന്ന ഈ കൈമാറ്റം റെറ്റേഗിയെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഇറ്റാലിയൻ താരമാക്കി മാറ്റിയെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

26 വയസ്സുകാരനായ ഈ സ്ട്രൈക്കർ സെരി എ-യിൽ തന്റെ അരങ്ങേറ്റ സീസണിൽ 25 ഗോളുകൾ നേടിയിരുന്നു. പരിക്കേറ്റ ജിയാൻലൂക്ക സ്കാമക്കയ്ക്ക് പകരക്കാരനായി ജെനോവയിൽ നിന്നാണ് റെറ്റേഗി അറ്റലാന്റയിലെത്തിയത്. അദ്ദേഹത്തിന്റെ മികച്ച പ്രകടനം ‘ലാ ഡിയ’യെ ലീഗിൽ മൂന്നാം സ്ഥാനത്തെത്താനും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനും സഹായിച്ചു.
അർജന്റീനയിൽ ജനിച്ച റെറ്റേഗിക്ക് തന്റെ മുത്തശ്ശനിലൂടെയാണ് ഇറ്റലിക്ക് വേണ്ടി കളിക്കാൻ യോഗ്യത ലഭിച്ചത്. റോബർട്ടോ മാൻസിനിയുടെ കീഴിൽ 2023-ൽ ഇംഗ്ലണ്ടിനെതിരെ ഗോൾ നേടിയാണ് അദ്ദേഹം ഇറ്റാലിയൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 20 മത്സരങ്ങളിൽ നിന്ന് 6 അന്താരാഷ്ട്ര ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്.
സൗദി അറേബ്യയിൽ ഏക സീസണിൽ 36 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ നേടിയ പിയറി-എമെറിക് ഔബമെയാങ്ങിന്റെ വിടവ് നികത്താൻ അൽ-ഖാദിസിയയിൽ റെറ്റേഗിക്ക് കഴിയുമെന്നാണ് ക്ലവ് പ്രതീക്ഷിക്കുന്നത്.
സൗദി ക്ലബ്ബുമായി നാല് വർഷത്തെ കരാറിലാണ് റെറ്റേഗി ഒപ്പുവെച്ചിരിക്കുന്നത്.