ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ പേസർ അർഷദീപ് സിംഗിന് പകരം ഹരിയാന പേസ് ബൗളറായ അൻഷുൽ കാംബോജിനെ ഉൾപ്പെടുത്തി. പരിശീലനത്തിനിടെ കൈക്ക് പരിക്കേറ്റതിനെ തുടർന്നാണ് അർഷദീപ് പുറത്തായത്.

നേരത്തെ ഇംഗ്ലണ്ടിൽ പര്യടനം നടത്തിയ ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്നു 24-കാരനായ അൻഷുൽ കാംബോജ്. അവിടെ രണ്ട് അനൗദ്യോഗിക ടെസ്റ്റുകളിൽ നിന്ന് അഞ്ച് വിക്കറ്റുകൾ വീഴ്ത്തുകയും ഒരു അർദ്ധ സെഞ്ചുറി നേടുകയും ചെയ്തിരുന്നു. 2024-25 രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ നേടിയ 10 വിക്കറ്റ് നേട്ടം (10/49), അദ്ദേഹത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. ഒരു രഞ്ജി ട്രോഫി ഇന്നിംഗ്‌സിൽ 10 വിക്കറ്റും നേടുന്ന മൂന്നാമത്തെ ബൗളർ എന്ന ചരിത്ര നേട്ടവും അൻഷുൽ സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച അൻഷുൽ 8 മത്സരങ്ങളിൽ നിന്ന് 8 വിക്കറ്റുകൾ നേടിയിരുന്നു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ 1-2ന് പിന്നിൽ നിൽക്കുന്ന ഇന്ത്യയ്ക്ക് നിർണായകമായ ഒരു നീക്കമാണ് അൻഷുൽ കാംബോജിന്റെ ടീമിലേക്കുള്ള വരവ്.