മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തിരിച്ചടി. പേസ് ബൗളർമാരായ അർഷദീപ് സിംഗിനും ആകാശ് ദീപിനും പരിക്ക് കാരണം നാലാം ടെസ്റ്റ് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ. പരിശീലനത്തിനിടെ കൈക്ക് പരിക്കേറ്റ അർഷദീപിന് നാലാം ടെസ്റ്റ് കളിക്കാൻ സാധിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ആകാശ് ദീപിനും പരിശീലനത്തിനിടെ പരിക്കേറ്റിട്ടുണ്ട്.

സായ് സുദർശൻ അടിച്ച ഷോട്ട് തടയുന്നതിനിടെയാണ് അർഷദീപിന്റെ കൈക്ക് പരിക്ക് പറ്റിയത്. പരിക്കിനെ തുടർന്ന് കൈയിൽ തുന്നലിടേണ്ടിവന്നതാണ് താരത്തിന് തിരിച്ചടിയായത്. അഞ്ചാം ടെസ്റ്റിന് മുൻപ് അർഷദീപ് പരിക്ക് ഭേദമായി തിരിച്ചെത്തുമെന്നാണ് ടീം മാനേജ്മെൻ്റ് പ്രതീക്ഷിക്കുന്നത്. അതേസമയം, ആകാശ് ദീപിന് തുടയുടെ പേശികൾക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിൽ താരം പന്തെറിഞ്ഞിരുന്നില്ല.
ഇരുവരുടെയും പരിക്ക് ടീമിൻ്റെ നാലാം ടെസ്റ്റിലേക്കുള്ള പദ്ധതികളെ ബാധിക്കുമെന്ന് ഇന്ത്യൻ ടീമിന്റെ സഹപരിശീലകൻ റയാൻ ടെൻ ഡോസ്കെയ്റ്റ് പറഞ്ഞു. അർഷദീപിനും ആകാശ് ദീപിനും കളിക്കാൻ സാധിക്കാതെ വന്നാൽ, മോശം പ്രകടനം കാഴ്ചവെച്ച പ്രസീദ് കൃഷ്ണയെ ടീമിലേക്ക് തിരികെ കൊണ്ടുവരാൻ ഇന്ത്യ നിർബന്ധിതരാകും. കുൽദീപ് യാദവിനെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെങ്കിലും, കോച്ച് ഗൗതം ഗംഭീറിൻ്റെ പദ്ധതികളിൽ അദ്ദേഹം ഇല്ലെന്നാണ് സൂചന.
ഇതുകൂടാതെ, മൂന്നാം ടെസ്റ്റിൽ വിരലിന് പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിൻ്റെ കാര്യത്തിലും ആശങ്ക നിലനിൽക്കുന്നുണ്ട്. റിഷഭ് പന്തിന് വിക്കറ്റ് കീപ്പിംഗ് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ, ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററായി മാത്രം കളിച്ചേക്കും. അങ്ങനെയെങ്കിൽ വിക്കറ്റ് കീപ്പറായി ധ്രുവ് ജുറേലിനെ പരിഗണിക്കാൻ സാധ്യതയുണ്ട്.
നാലാം ടെസ്റ്റ് ജൂലൈ 23ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ആരംഭിക്കും. പരമ്പരയിൽ ഇന്ത്യ 2-1ന് പിന്നിലാണ്.