വാഹനാപകടത്തിൽ മരണപ്പെട്ട പോർച്ചുഗീസ് ഫോർവേഡ് ഡിയോഗോ ജോട്ടയെ വോൾവർഹാംപ്ടൺ വാണ്ടറേഴ്സ് ക്ലബ്ബിന്റെ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി ആദരിച്ചു. വോൾവ്സ് ജേഴ്സി അണിഞ്ഞ ഏറ്റവും പ്രതിഭാധനനും വിനയനുമായ കളിക്കാരിലൊരാളായി ഓർമ്മിക്കപ്പെടുന്ന 28-കാരനായ ജോട്ട, മോളിന്യൂവിൽ ചെലവഴിച്ച സമയങ്ങളെ അനുസ്മരിച്ചാണ് ക്ലബിന്റെ ഈ നീക്കം.

2018-ൽ വോൾവ്സിന് പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടിക്കൊടുക്കുന്നതിൽ ജോട്ട നിർണ്ണായക പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളും ഗോൾ നേടാനുള്ള കഴിവും പെട്ടെന്ന് തന്നെ താരത്തെ ആരാധകരുടെ പ്രിയങ്കരനാക്കി. പിന്നീട് 2020-ൽ ലിവർപൂളിലേക്ക് മാറിയതിന് ശേഷവും അദ്ദേഹം മികച്ച പ്രകടനങ്ങൾ തുടർന്നു.
“ജോട്ട ഒരു മികച്ച ഫുട്ബോൾ കളിക്കാരൻ മാത്രമല്ല, വോൾവ്സിൽ ഉണ്ടായിരുന്ന സമയങ്ങളിൽ വിനയത്തോടും ദയയോടും കൂടി പെരുമാറിയ ഒരാൾ കൂടിയാണ്. അദ്ദേഹത്തെ ഞങ്ങൾക്കെല്ലാവർക്കും ഒരുപാട് മിസ്സ് ചെയ്യും,” ക്ലബ്ബിന്റെ ഫുട്ബോൾ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ മാറ്റ് വൈൽഡ് പറഞ്ഞു.
2008-ൽ സ്ഥാപിതമായ ഹാൾ ഓഫ് ഫെയിമിൽ ബില്ലി റൈറ്റ്, ഡെറക് ഡൗഗൻ, സ്റ്റീവ് ബുൾ തുടങ്ങിയ വോൾവ്സ് ഇതിഹാസങ്ങൾക്കൊപ്പമാണ് ഇപ്പോൾ ജോട്ടയും സ്ഥാനം പിടിച്ചിരിക്കുന്നത്.