സൂറിച്ചിൽ നടന്ന യൂറോ 2025 വനിതാ ചാമ്പ്യൻഷിപ്പ് ക്വാർട്ടർ ഫൈനലിൽ സ്വീഡനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 ന് തോൽപ്പിച്ച് ഇംഗ്ലണ്ട് സെമിഫൈനലിൽ പ്രവേശിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും 2-2 ന് സമനിലയിലായതിനെത്തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് തിരിച്ചു വരവ് നടത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കൊസോവെയർ അസ്‌ലാനിയുടെയും സ്റ്റിന ബ്ലാക്ക്‌സ്റ്റീനിയസിന്റെയും ഗോളുകളിലൂടെ സ്വീഡൻ 2-0 ന് മുന്നിലെത്തി. മത്സരം തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ അസ്‌ലാനി തന്റെ 50-ാമത് അന്താരാഷ്ട്ര ഗോൾ നേടി. ആദ്യ പകുതിയുടെ മധ്യത്തിൽ ബ്ലാക്ക്‌സ്റ്റീനിയസ് ലീഡ് ഇരട്ടിയാക്കി.
കളി തീരാൻ 10 മിനിറ്റിൽ താഴെ മാത്രം ശേഷിക്കെ ഇംഗ്ലണ്ട് തോൽവി മുന്നിൽ കണ്ടു. എന്നാൽ 79-ാം മിനിറ്റിൽ ലൂസി ബ്രോൺസ് ഒരു ഹെഡ്ഡറിലൂടെ ഇംഗ്ലണ്ടിന് ജീവൻ നൽകി. മിനിറ്റുകൾക്കകം മിഷേൽ അഗ്‌യെമാങ് ഒരു ഗോൾ നേടി സ്കോർ സമനിലയിലാക്കി. അധിക സമയത്ത് കാര്യമായ മുന്നേറ്റങ്ങളൊന്നും ഇല്ലാതെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. സ്വീഡന്റെ സ്മില്ല ഹോൾംബെർഗ് ഷോട്ട് പുറത്തേക്ക് അടിച്ചതോടെ അവർ പുറത്തും ഇംഗ്ലണ്ട് സെമിയിലും എത്തി.
ഇനി സെമിഫൈനലിൽ ഇംഗ്ലണ്ട് ചൊവ്വാഴ്ച ജനീവയിൽ ഇറ്റലിയെ നേരിടും. 1997 ന് ശേഷം ആദ്യമായാണ് ഇറ്റലി യൂറോ സെമിഫൈനലിൽ എത്തുന്നത്.