ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫിയിലെ നാലാം ടെസ്റ്റിന് മുന്നോടിയായി ഇംഗ്ലണ്ട് ടീമിൽ വലിയൊരു മാറ്റം വരുത്തി. പരിക്കേറ്റ ഷോയിബ് ബഷീറിന് പകരം 35 വയസ്സുകാരനായ ഇടംകൈയ്യൻ സ്പിന്നർ ലിയാം ഡോസണെ ടീമിൽ ഉൾപ്പെടുത്തി.
2017-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഡോസൺ അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത്. അതിനുശേഷം ആഭ്യന്തര ക്രിക്കറ്റിൽ, പ്രത്യേകിച്ച് കൗണ്ടി ക്രിക്കറ്റിൽ ഹാംഷെയറിനായി അദ്ദേഹം സ്ഥിരമായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജാക്ക് ലീച്ച്, റെഹാൻ അഹമ്മദ്, വിൽ ജാക്സ്, ജേക്കബ് ബെഥെൽ എന്നിവരിൽ നിന്നുള്ള മത്സരം ഉണ്ടായിട്ടും, യുവതാരങ്ങളെക്കാൾ അനുഭവസമ്പത്തിനും ഫോമിനും മുൻഗണന നൽകാനാണ് ഇംഗ്ലണ്ട് സെലക്ടർമാർ തീരുമാനിച്ചതെന്നാണ് സൂചന.
ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 22 റൺസിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച ഷോയിബ് ബഷീറിന്റെ അഭാവം ടീമിന് വലിയ നഷ്ടമാകും. നാലാം ടെസ്റ്റ് ജൂലൈ 23-ന് ആരംഭിക്കും, അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് നിലവിൽ 2-1ന് മുന്നിലാണ്.