ക്രൊയേഷ്യൻ ഫുട്ബോൾ ഇതിഹാസം ലൂക്കാ മോഡ്രിച്ച് എസി മിലാനിൽ ഒരു വർഷത്തെ കരാർ ഒപ്പിട്ടു. 2027 ജൂൺ വരെ കരാർ നീട്ടാനുള്ള ഓപ്ഷനും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സീരി എ ക്ലബ്ബ് തിങ്കളാഴ്ച രാത്രി സ്ഥിരീകരിച്ചു. റയൽ മാഡ്രിഡിൽ 13 വർഷം നീണ്ട മഹത്തായ കരിയറിനു ശേഷമാണ് 39 വയസ്സുകാരനായ ഈ മധ്യനിര മാന്ത്രികൻ പുതിയ അധ്യായത്തിലേക്ക് കടക്കുന്നത്.

ഡച്ച് ഇതിഹാസം യോഹാൻ ക്രൈഫിനോടുള്ള ആദരസൂചകമായി 14-ാം നമ്പർ ജേഴ്സിയായിരിക്കും അദ്ദേഹം ധരിക്കുക. റയൽ മാഡ്രിഡിൽ ചേരുന്നതിന് മുമ്പ് ടോട്ടൻഹാം ഹോട്ട്സ്പർസിലും അദ്ദേഹം ഇതേ നമ്പർ ജേഴ്സി ധരിച്ചിരുന്നു.
റിയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ കളിക്കാരിലൊരാളായിട്ടാണ് മോഡ്രിച്ച് ക്ലബ്ബ് വിടുന്നത്. 597 മത്സരങ്ങൾ കളിച്ച അദ്ദേഹം, ആറ് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നാല് ലാ ലിഗ കിരീടങ്ങളും ഉൾപ്പെടെ 28 പ്രധാന കിരീടങ്ങൾ നേടി.