ജംഷഡ്പൂർ: ഇന്ത്യൻ ഫുട്ബോളിലെ വേഗതയേറിയ താരങ്ങളിൽ ഒരാളായ വിൻസി ബരെറ്റോ ജംഷഡ്പൂർ എഫ്‌സിയിൽ എത്തി. 134-ാമത് ഡ്യൂറൻഡ് കപ്പിന് മുന്നോടിയായാണ് ഈ നീക്കം. ജംഷഡ്പൂരിന്റെ ആക്രമണനിരയ്ക്ക് കരുത്ത് പകരാൻ വിൻസിയുടെ സാന്നിധ്യം സഹായിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

വിങ് ബാക്ക് പൊസിഷനിലും വിങ്ങുകളിലും തന്റെ വേഗതയും ഡ്രിബ്ലിംഗ് മികവും കൊണ്ട് ശ്രദ്ധേയനായ വിൻസി, കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്‌സിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 2024-2025 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ചെന്നൈയിൻ എഫ്‌സിക്ക് വേണ്ടി 16 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ നേടിയിട്ടുണ്ട്.
തന്റെ കരിയറിൽ ഗോകുലം കേരള എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ചെന്നൈയിൻ എഫ്‌സി എന്നീ ക്ലബ്ബുകൾക്ക് വേണ്ടി വിൻസി മുമ്പ് കളിച്ചിട്ടുണ്ട്.