ഈസ്റ്റ് ബംഗാൾ എഫ്‌സി ഇന്ത്യൻ മുന്നേറ്റനിര താരം എഡ്മണ്ട് ലാൽറിൻഡികയെ ഇന്റർ കാശി എഫ്‌സിയിൽ നിന്ന് മൂന്ന് വർഷത്തെ കരാറിൽ സൈൻ ചെയ്തതായി പ്രഖ്യാപിച്ചു. മിസോറാമിൽ നിന്നുള്ള 26 വയസ്സുകാരനായ താരം അഞ്ച് വർഷത്തിന് ശേഷം കൊൽക്കത്ത ക്ലബ്ബിലേക്ക് മടങ്ങിയെത്തുകയാണ്. 10-ാം നമ്പർ ജേഴ്സിയായിരിക്കും താരം ക്ലബിൽ ധരിക്കുക എന്ന് ക്ലൻ സ്ഥിരീകരിച്ചു.
2019-20 ഐ-ലീഗ് സീസണിൽ ബെംഗളൂരു എഫ്‌സിയിൽ നിന്ന് ലോണിൽ ആണ് മുമ്പ് എഡ്മണ്ട് ഈസ്റ്റ് ബംഗാളിൽ കളിച്ചത്. 2024-25 സീസണിൽ ഇന്റർ കാശിക്കുവേണ്ടി 24 മത്സരങ്ങളിൽ നിന്ന് 4 ഗോളുകളും 6 അസിസ്റ്റുകളും എഡ്മണ്ട് നേടി. കഴിഞ്ഞ രണ്ട് ഐ-ലീഗ് സീസണുകളിൽ അദ്ദേഹം 8 ഗോളുകളും 13 അസിസ്റ്റുകളും നേടിയിട്ടുണ്ട്. എഐഎഫ്എഫ് എലൈറ്റ് അക്കാദമിയുടെ താരമായ അദ്ദേഹം അഞ്ച് വർഷം ബെംഗളൂരു എഫ്‌സിയോടൊപ്പം ഉണ്ടായിരുന്നു. 2024 ജൂണിൽ കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ അദ്ദേഹം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.