ദോഹ: മുൻ ലിവർപൂൾ സൂപ്പർതാരം റോബർട്ടോ ഫർമിനോ സൗദി ക്ലബ്ബ് അൽ അഹ്ലി വിട്ട് ഖത്തറി ക്ലബ്ബായ അൽ സാദിൽ ചേരുമെന്ന് ഉറപ്പായി. അൽ അഹ്ലിയുമായുള്ള ഫിർമിനോയുടെ കരാർ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിന് ശേഷം അവസാനിക്കുകയായിരുന്നു. അൽ സാദുമായി കരാർ ധാരണയിലെത്തിയതോടെ താരത്തിന്റെ കരിയറിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമാവുകയാണ്.
അൽ അഹ്ലിക്കായി കഴിഞ്ഞ സീസണിൽ (2024-2025) മികച്ച പ്രകടനം കാഴ്ചവെച്ച ഫിർമിനോ, ക്ലബ്ബിന് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. സൗദി പ്രോ ലീഗിൽ 17 മത്സരങ്ങളിൽ നിന്ന് 5 ഗോളുകളും 3 അസിസ്റ്റുകളും നേടിയപ്പോൾ, എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ 12 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും 7 അസിസ്റ്റുകളും സ്വന്തമാക്കി. എല്ലാ മത്സരങ്ങളിലുമായി മൊത്തം 24 കളികളിൽ നിന്ന് 13 ഗോളുകളും 10 അസിസ്റ്റുകളും ഈ ബ്രസീലിയൻ താരം അൽ അഹ്ലിക്കായി സ്വന്തമാക്കി.
അൽ അഹ്ലിക്ക് വേണ്ടി 2 സീസണുകൾ കളിച്ച മുൻ ലിവർപൂൾ താരം ഇനി ഖത്തറിലെ ലീഗിൽ ആകും ബൂട്ട് കെട്ടുക.