ഇറ്റാലിയൻ പരിശീലകൻ സ്റ്റെഫാനോ പിയോളി ഫിയോറെന്റിനയിലേക്ക് മടങ്ങിയെത്തി. സൗദി ക്ലബ്ബായ അൽ-നാസറിലെ ഒരു വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം മടങ്ങിയെത്തിയത്. അദ്ദേഹത്തിന്റെ നിയമനം ക്ലബ്ബ് ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1989 മുതൽ 1995 വരെ ഒരു കളിക്കാരനെന്ന നിലയിൽ ഫിയോറെന്റിനയെ പ്രതിനിധീകരിച്ച പിയോളിയുടെ പരിശീലകനെന്ന നിലയിൽ ഇത് രണ്ടാം വരവാണ്.
ജൂണിൽ 2027 വരെ കരാർ നീട്ടിയതിന് ദിവസങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി രാജിവെച്ച റാഫേലെ പാലാഡിനോയ്ക്ക് പകരക്കാരനായാണ് പിയോളി എത്തുന്നത്. 2028 ജൂൺ 30 വരെ ക്ലബ്ബിൽ തുടരുന്ന പുതിയ കരാറിലാണ് പിയോളി ഒപ്പുവെച്ചതെന്ന് ഫിയോറെന്റിന സ്ഥിരീകരിച്ചു.
കഴിഞ്ഞ സീസണിൽ സീരി എയിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഫിയോറെന്റിന, യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗിലേക്ക് യോഗ്യത നേടിയിരുന്നു.
59 വയസ്സുകാരനായ പിയോളി സൗദി പ്രോ ലീഗിൽ അൽ-നാസറിനെ മൂന്നാം സ്ഥാനത്തെത്തിച്ചതിന് ശേഷം ആണ് ക്ലബ്ബ് വിട്ടത്.
ബൊളോണിയ, ഇന്റർ മിലാൻ എന്നിവ ഉൾപ്പെടെയുള്ള ക്ലബ്ബുകളിൽ പരിശീലകനായിരുന്ന പിയോളിക്ക് എസി മിലാനിൽ വളരെ വിജയകരമായ അഞ്ച് വർഷത്തെ സ്പെല്ലുണ്ടായിരുന്നു. 2021-22 സീസണിൽ ഒരു ദശാബ്ദത്തിലേറെയായി മിലാൻ നേടുന്ന ആദ്യത്തെ സീരി എ കിരീടത്തിലേക്ക് റോസോനേരിയെ നയിച്ചത് അദ്ദേഹമാണ്.