വനിത ഫുട്‌ബോളിലെ ട്രാൻസ്‌ഫർ ലോകറെക്കോർഡ് തുകക്ക് ലിവർപൂളിൽ നിന്നു കനേഡിയൻ താരം ഒലിവിയ സ്മിത്തിനെ സ്വന്തമാക്കാൻ ആഴ്‌സണൽ. 20 കാരിയായ കനേഡിയൻ മുന്നേറ്റനിര താരത്തിന് ആയി ഒരു മില്യൺ പൗണ്ട് ആഴ്‌സണൽ മുന്നോട്ട് വെച്ചു എന്നും ലിവർപൂൾ ഇത് സ്വീകരിച്ചു എന്നുമാണ് റിപ്പോർട്ട്. ഈ ആഴ്ച തന്നെ താരം ആഴ്‌സണലിൽ മെഡിക്കൽ പൂർത്തിയാക്കി കരാർ ഒപ്പ് വെച്ചേക്കും.
ഇതോടെ വനിത ഫുട്‌ബോൾ ചരിത്രത്തിലെ ആദ്യ 1 മില്യൺ പൗണ്ട് താരമായി സ്മിത്ത് മാറും. നയോമി ഗിർമക്ക് ആയി ചെൽസി സൃഷ്ടിച്ച റെക്കോർഡ് ആണ് ഇതോടെ തകരുക. കഴിഞ്ഞ സീസണിൽ പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ് ലിസ്ബണിൽ നിന്നു ലിവർപൂളിൽ എത്തിയ ഒലിവിയ സ്മിത്ത് മികച്ച പ്രകടനം ആണ് വനിത സൂപ്പർ ലീഗിൽ കാണിച്ചത്. 15 കളികളിൽ നിന്നു 6 ഗോളുകൾ നേടിയ താരം അവരുടെ ഏറ്റവും മികച്ച താരമായിരുന്നു. ഈ സീസണിൽ യൂറോപ്യൻ കിരീടം നേടിയ ആഴ്‌സണൽ വനിതകൾ കഴിഞ്ഞ സീസണുകളിൽ ചെൽസി കയ്യടക്കി വെച്ചിരിക്കുന്ന ലീഗ് കിരീടം ഇത്തവണ നേടാൻ ഉറച്ചു തന്നെയാണ് ട്രാൻസ്ഫറുകൾ എല്ലാം നടത്തുന്നത്.