തുർക്കിഷ് ക്ലബ്ബായ ബെസിക്താസ് വിട്ടതിന് പിന്നാലെ 35 വയസ്സുകാരനായ ഇറ്റാലിയൻ സ്ട്രൈക്കർ സിറോ ഇമ്മൊബിലെയെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കിയതായി ബൊളോണിയ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒരു വർഷത്തെ വിദേശവാസത്തിന് ശേഷം ഇമ്മൊബൈലിന്റെ സീരി എയിലേക്കുള്ള തിരിച്ചുവരവാണിത്.
ഇമ്മൊബൈൽ ബൊളോണിയയുമായി പ്രാഥമികമായി ഒരു വർഷത്തെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. ഇത് 12 മാസത്തേക്ക് കൂടി ദീർഘിപ്പിക്കാനുള്ള ഓപ്ഷനുമുണ്ട്, അതുവഴി 2027 വേനൽ വരെ അദ്ദേഹത്തെ ക്ലബ്ബിൽ നിലനിർത്താൻ ആകും. മുൻ ലാസിയോ നായകൻ 2024-25 സീസണിൽ ബെസിക്താസിൽ ആണ് കളിച്ചത്. അവിടെ എല്ലാ മത്സരങ്ങളിലുമായി 19 ഗോളുകൾ നേടി മികച്ച പ്രകടനം കാഴ്ചവെക്കുകയും തുർക്കിഷ് സൂപ്പർ ലീഗിൽ ടീമിന് നാലാം സ്ഥാനം നേടാൻ സഹായിക്കുകയും ചെയ്തു.
യുവന്റസ്, ജെനോവ, ടോറിനോ, പ്രത്യേകിച്ച് ലാസിയോ എന്നിവിടങ്ങളിലെ മുൻ സ്പെല്ലുകൾക്ക് ശേഷം ഇമ്മൊബിലെ കളിക്കുന്ന അഞ്ചാമത്തെ സീരി എ ക്ലബ്ബാണ് ബൊളോണ.
57 തവണ ഇറ്റലിക്കുവേണ്ടി കളിച്ചിട്ടുള്ള ഈ താരം നിലവിൽ സീരി എയിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ്, 353 മത്സരങ്ങളിൽ നിന്ന് 201 ഗോളുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.