വിയ്യാറയൽ സ്ട്രൈക്കർ ടിയേർനോ ബാരിയെ എവർട്ടൺ മെർസിസൈഡിലേക്ക് എത്തിക്കുന്നു. അണ്ടർ-21 യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തതിന് ശേഷം മിയാമിയിൽ അവധി ആഘോഷിക്കുകയായിരുന്ന ഫ്രഞ്ച് മുന്നേറ്റനിര താരത്തിന് മെഡിക്കൽ പൂർത്തിയാക്കാൻ ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യാൻ അനുമതി ലഭിച്ചു.

ബാരിക്കായി എവർട്ടൺ പ്രാഥമികമായി €32 മില്യൺ (£27.5m) യൂറോ നൽകും, കൂടാതെ അധിക ബോണസുകളും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാർലോസ് അൽകാരാസ് ഫ്ലെമെംഗോയിൽ നിന്ന് സ്ഥിരമായി ടീമിലെത്തിയതിന് ശേഷം ഈ വേനൽക്കാലത്ത് എവർട്ടണിന്റെ രണ്ടാമത്തെ സൈനിംഗായി 22 വയസ്സുകാരനായ ബാരി മാറും.
ഒമ്പത് വർഷത്തിന് ശേഷം ഡൊമിനിക് കാൽവർട്ട്-ലെവിൻ ക്ലബ് വിട്ട, എവർട്ടണിന്റെ ആക്രമണനിരയ്ക്ക് ബാരി കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു.
വിയ്യാറയലിനായി ലാ ലിഗയിൽ കളിച്ച ആദ്യ സീസണിൽ ബാരി മികച്ച പ്രകടനം കാഴ്ചവെച്ചു. 37 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടുകയും ടീമിനെ ചാമ്പ്യൻസ് ലീഗ് സ്ഥാനം നേടുന്നതിന് സഹായിക്കുകയും ചെയ്തു.