മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ മാർക്കസ് റാഷ്ഫോർഡ്, അലെജാൻഡ്രോ ഗാർനാച്ചോ, ജാഡൻ സാഞ്ചോ, ആന്റണി, ടൈറൽ മലാസിയ എന്നിവർക്ക് ക്ലബ്ബ് വിടാൻ താൽപ്പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് പ്രീ-സീസൺ പരിശീലനത്തിൽ നിന്ന് വിട്ടുനിൽക്കാൻ ക്ലബ് അനുവാദം നൽകി.

ക്ലബ്ബിന്റെ മറ്റ് കളിക്കാർ തിങ്കളാഴ്ച കാരിംഗ്ടണിൽ റിപ്പോർട്ട് ചെയ്യുമ്പോൾ, ഈ അഞ്ച് താരങ്ങൾ ജൂലൈ അവസാനം മാത്രമെ തിരിച്ചെത്തുകയുള്ളൂ. ഓൾഡ് ട്രാഫോർഡിന് പുറത്ത് അവരുടെ ഭാവി സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണ്.
കഴിഞ്ഞ സീസണിൽ റാഷ്ഫോർഡ് ആസ്റ്റൺ വില്ലയിലും, ആന്റണി റയൽ ബെറ്റിസിലും, മലാസിയ പി.എസ്.വി ഐന്തോവനും ലോണിൽ കളിച്ചിരുന്നു. പുതിയ പരിശീലകൻ റൂബൻ അമോറിമിന്റെ ദീർഘകാല പദ്ധതികളിൽ ഇവർ മൂന്നുപേരും ഉൾപ്പെടുന്നില്ല. അതേസമയം, സാഞ്ചോ കഴിഞ്ഞ സീസണിൽ ചെൽസിയിൽ ലോണിൽ കളിച്ചെങ്കിലും, വ്യക്തിപരമായ നിബന്ധനകളിൽ ധാരണയിലെത്താത്തതിനെ തുടർന്ന് ചെൽസി അദ്ദേഹത്തെ സ്ഥിരമായി ടീമിലെടുത്തില്ല.
ഗാർനാച്ചോയെ സംബന്ധിച്ചിടത്തോളം, യൂറോപ്പ ലീഗ് ഫൈനലിൽ ടോട്ടൻഹാമിനോട് തോറ്റതിന് ശേഷം റൂബൻ അമോറിമുമായി പിണങ്ങിയതിനെ തുടർന്ന് പുതിയ ക്ലബ്ബ് കണ്ടെത്താൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടതായി ‘ദി അത്‌ലറ്റിക്’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.