വിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിവസം ഓസ്ട്രേലിയയെ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തി വാലറ്റക്കാർ. അലക്സ് ക്യാരിയുടെയും ബ്യൂ വെബ്സ്റ്ററുടെയും മികച്ച കൂട്ടുകെട്ടാണ് ഓസ്ട്രേലിയക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഗ്രെനഡയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ഒന്നാം ദിവസം കളിനിർത്തുമ്പോൾ 286 റൺസിന് ഓൾ ഔട്ടായി.

ഒരു ഘട്ടത്തിൽ 93/4 എന്ന നിലയിൽ ഓസ്ട്രേലിയ തകർന്നിരുന്നു. അൽസാരി ജോസഫ് (4/61) ജയ്ഡൻ സീൽസ് (2/45) എന്നിവരാണ് ഓസീസിനെ തകർച്ചയിലേക്ക് തള്ളിവിട്ടത്. തിരിച്ചെത്തിയ സ്റ്റീവ് സ്മിത്ത് വെറും 6 റൺസെടുത്ത് പുറത്തായത് ഓസീസിന് തിരിച്ചടിയായി.
എന്നാൽ, അലക്സ് ക്യാരിയും ബ്യൂ വെബ്സ്റ്ററും ചേർന്ന് ആറാം വിക്കറ്റിൽ 112 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഓസീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 81 പന്തിൽ 63 റൺസെടുത്ത ക്യാരി 10 ബൗണ്ടറികളും ഒരു സിക്സും പറത്തി. തന്റെ ആദ്യ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വെബ്സ്റ്റർ 115 പന്തിൽ 60 റൺസെടുത്ത് പുറത്തായി.