എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലും ഇന്ത്യയുടെ ആധിപത്യം തുടർന്നു. ലഞ്ച് ബ്രേക്കിന് പിരിയുമ്പോൾ ഇന്ത്യ 6 വിക്കറ്റിന് 419 റൺസെടുത്ത് ശക്തമായ നിലയിലാണ്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 288 പന്തിൽ നിന്ന് 18 ഫോറുകളും ഒരു സിക്സും സഹിതം 168 റൺസെടുത്ത് പുറത്താകാതെ നിന്ന് ഇന്ത്യൻ ഇന്നിംഗ്സിന് നെടുന്തൂണായി.

രാവിലത്തെ സെഷനിൽ രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 137 പന്തിൽ നിന്ന് 89 റൺസെടുത്ത ജഡേജയ്ക്ക് സെഞ്ച്വറി നഷ്ടമായി. ഗില്ലിനൊപ്പം ആറാം വിക്കറ്റിൽ 203 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ജഡേജ പുറത്തായത്. ജോഷ് ടങ്ങിന്റെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു അദ്ദേഹം. ലഞ്ച് ബ്രേക്കിന് തൊട്ടുമുമ്പുണ്ടായ ഈ വിക്കറ്റ് ഇംഗ്ലണ്ടിന് ആശ്വാസം നൽകി. നിലവിൽ വാഷിംഗ്ടൺ സുന്ദർ 11 പന്തിൽ 1 റൺസെടുത്ത് ഗില്ലിന് കൂട്ടായി ക്രീസിലുണ്ട്.
നേരത്തെ, ഇന്ത്യക്ക് തുടക്കത്തിൽ തന്നെ കെ.എൽ. രാഹുലിന്റെ (2) വിക്കറ്റ് നഷ്ടമായി. കരുൺ നായർ 31 റൺസെടുത്തും യശസ്വി ജയ്സ്വാൾ 87 റൺസെടുത്തും പുറത്തായി. ഋഷഭ് പന്ത് 25 റൺസും നിതീഷ് കുമാർ റെഡ്ഡി ഒരു റൺസും മാത്രമാണ് നേടിയത്. ഈ വിക്കറ്റ് നഷ്ടങ്ങൾക്കിടയിലും, ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ശാന്തനായി നിന്ന് മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കി.
ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് 25 ഓവറിൽ 81 റൺസ് വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. ബ്രൈഡൺ കാർസ്, ബെൻ സ്റ്റോക്സ്, ഷോയിബ് ബഷീർ, ജോഷ് ടങ്ങ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയെങ്കിലും ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് കാര്യമായ സമ്മർദ്ദം ചെലുത്താൻ അവർക്ക് കഴിഞ്ഞില്ല.