ഇംഗ്ലീഷ് വനിത സൂപ്പർ താരം ക്ലോ കെല്ലി ആഴ്‌സണലിൽ തുടരും. കഴിഞ്ഞ സീസണിൽ അവസാന 6 മാസം മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നു ലോണിൽ ആഴ്സലിൽ കളിച്ച കെല്ലി ഇന്ന് സ്ഥിര കരാറിൽ ഒപ്പ് വെച്ചു. സിറ്റിയും ആയ കരാർ അവസാനിച്ച താരം ഫ്രീ ഏജന്റ് ആയിരുന്നു. ആഴ്‌സണൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കെല്ലി നിർണായക പ്രകടനം ആണ് നടത്തിയത്.
2010 ൽ ആഴ്‌സണൽ അക്കാദമിയിൽ ചേർന്ന കെല്ലി 2018 വരെ ആഴ്‌സണൽ അക്കാദമിയിലും ടീമിലും ആയി കളിച്ചിരുന്നു. തുടർന്ന് ക്ലബ് വിട്ടു എവർട്ടൺ, മാഞ്ചസ്റ്റർ സിറ്റി ടീമുകളിൽ കളിച്ച 27 കാരിയായ താരത്തിന് ഇത് രണ്ടാം വരവാണ്. കഴിഞ്ഞ സീസണിൽ 13 കളികളിൽ നിന്നു 5 അസിസ്റ്റും 2 ഗോളുകളും ആണ് ആഴ്‌സണലിന് ആയി കെല്ലി നേടിയത്. പതിനെട്ടാം നമ്പർ ജേഴ്‌സി ആണ് താരം ആഴ്‌സണലിൽ തുടർന്നും ധരിക്കുക. ഇംഗ്ലണ്ടിന് 2022 ലെ യൂറോ കപ്പ് കിരീടം നേടിയ ഗോൾ നേടിയ കെല്ലി നിലവിൽ ആ മികവ് തുടരാൻ ഇംഗ്ലണ്ടിന് ഒപ്പം യൂറോ കപ്പ് ക്യാമ്പിൽ ആണ്.