വനിതാ ഏഷ്യാ കപ്പ് 2026 യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യൻ സീനിയർ വനിതാ ഫുട്ബോൾ ടീം തങ്ങളുടെ ആധിപത്യം തുടരുന്നു. തായ്ലൻഡിലെ ചിയാങ് മായിൽ നടന്ന മത്സരത്തിൽ ഇറാഖിനെതിരെ 5-0ന്റെ ആധികാരിക വിജയം നേടി ഇന്ത്യ മുന്നോട്ട് കുതിക്കുന്നു. സംഗീത ബസ്ഫോർ, മനീഷ കല്യാൺ, കാർത്തിക അംഗമുത്തു, ഫാഞ്ജോബം നിർമ്മല ദേവി, നോങ്മൈതം രതൻബാല ദേവി എന്നിവരുടെ ഗോളുകളാണ് ബ്ലൂ ടൈഗ്രസസ്സിന് തുടർച്ചയായ മൂന്നാം വിജയം സമ്മാനിച്ചത്.

ഇതോടെ ഒരു ഗോൾ പോലും വഴങ്ങാതെ 22 ഗോളുകളാണ് ഇന്ത്യ ഇതുവരെ നേടിയത്.
ഗ്രൂപ്പ് ബിയിൽ ഒൻപത് പോയിന്റും +22 ഗോൾ വ്യത്യാസവുമായി ഒന്നാം സ്ഥാനത്തുള്ള ക്രിസ്പിൻ ഛേത്രിയുടെ ടീം, ജൂലൈ 5-ന് തായ്ലൻഡിനെതിരെ നിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഏറ്റുമുട്ടും. ഗ്രൂപ്പ് വിജയികൾക്ക് മാത്രമേ യോഗ്യത നേടാൻ കഴിയൂ എന്നതിനാൽ ഇരു ടീമുകൾക്കും ഇത് ഒരു “മസ്റ്റ് വിൻ” മത്സരമാണ്.