സിംബാബ്‌വെക്കെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് പുതിയ നായകൻ. ഗ്രോയിൻ സ്ട്രെയിൻ കാരണം പുറത്തായ കേശവ് മഹാരാജിന് പകരക്കാരനായി വിയാൻ മുൾഡർ ടീമിനെ നയിക്കും. ബുലവായോയിൽ നടന്ന ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ബാറ്റ് ചെയ്യുന്നതിനിടെയാണ് മഹാരാജിന് പരിക്കേറ്റത്. കൂടുതൽ വൈദ്യപരിശോധനകൾക്കായി അദ്ദേഹം നാട്ടിലേക്ക് മടങ്ങും.
പരിക്കേറ്റ ടെസ്റ്റ് ക്യാപ്റ്റൻ ടെംബ ബാവുമയുടെ അഭാവത്തിൽ മഹാരാജ് ആയിരുന്നു ടീമിനെ നയിച്ചിരുന്നത്. അദ്ദേഹത്തിന് പകരക്കാരനായി ഓൾറൗണ്ടർ സെനുരൻ മുത്തുസാമിയെ ടീമിൽ ഉൾപ്പെടുത്തി. ഒന്നാം ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച യുവ പേസർമാർക്ക് കൂടുതൽ അവസരം നൽകുന്നതിനായി ലുംഗി എൻഗിഡിയെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആദ്യ മത്സരത്തിൽ സിംബാബ്‌വെയെ ദക്ഷിണാഫ്രിക്ക 328 റൺസിന് തകർത്തിരുന്നു. ജൂലൈ 6-ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റും ബുലവായോയിൽ വെച്ചാണ് നടക്കുക. ആദ്യ മത്സരത്തിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ മുൾഡർ, ഇപ്പോൾ പരമ്പര സ്വന്തമാക്കാൻ ലക്ഷ്യമിടുന്ന ദക്ഷിണാഫ്രിക്കയുടെ നായക ചുമതല ഏറ്റെടുക്കും.
രണ്ടാം ടെസ്റ്റിനുള്ള ദക്ഷിണാഫ്രിക്കൻ ടീം: വിയാൻ മുൾഡർ (നായകൻ), ഡേവിഡ് ബെഡിംഗ്ഹാം, മാത്യൂ ബ്രീറ്റ്‌സ്കെ, ഡെവാൾഡ് ബ്രെവിസ്, കോർബിൻ ബോഷ്, ടോണി ഡി സോർസി, സുബയർ ഹംസ, ക്വെന മാഫക, സെനുരൻ മുത്തുസാമി, ലുവൻ-ഡ്രെ പ്രെട്ടോറിയസ്, ലെസെഗോ സെനോക്വാനെ, പ്രേനെലൻ സുബ്രായൻ, കൈൽ വെറേയ്ൻ, കോഡി യൂസഫ്.